മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുമായി തിരക്കിലാണ് അമല പോൾ. കഴിഞ്ഞ ദിവസം അമലയുടെ പുതിയ ചിത്രമായ ടീച്ചർ പുറത്തിറങ്ങിയിരുന്നു. അമല കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അമല പങ്കുവച്ചിരിക്കുന്ന മഞ്ഞ നിറത്തിലുളള ഷറാറ അണിഞ്ഞ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മോഡേൺ ലുക്കിൽ അധികവും പ്രത്യക്ഷപ്പെടുന്ന അമലയുടെ എത്നിക്ക് ലുക്ക് അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്.
സഹോദരിയുടെ വിവാഹത്തിനു അണിയാഞ്ഞായി അമല തിരഞ്ഞെടുത്തതാണ് ഈ മഞ്ഞ ഷറാറ. കൊച്ചിയിലെ പ്രമുഖ ഡിസൈനിങ്ങ് ഹൗസായ ടി ആൻഡ് എം സിഗ്നേച്ചറാണ് ഷറാറ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്ലെയിൻ നിറത്തിലുളള വസ്ത്രത്തിൽ നൽകിയിരിക്കുന്ന എബ്രോയ്ഡറി വർക്ക് ഷറാറയ്ക്ക് എലഗൻഡ് ലുക്ക് നൽകുന്നുണ്ട്. അതിനൊപ്പം ഡിസൈനർ ആഭരണങ്ങൾ കൂടി ചേർന്നപ്പോൾ അമലയുടെ ലുക്ക് പൂർണതയിലെത്തി.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചു വരവിനൊരുങ്ങുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ ആണ് അമലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.