scorecardresearch
Latest News

ഈ രണ്ടു ദിനചര്യകൾ ശീലിച്ചാൽ മതി; മുഖം വെട്ടിതിളങ്ങും

രാവിലെയും രാത്രിയും​ ഇക്കാര്യങ്ങൾ മുടങ്ങാതെ ചെയ്യൂ, തിളക്കവും ആരോഗ്യവും മിനുസവുമുള്ള മുഖം സ്വന്തമാക്കാം

Skincare, skincare tips, skincare tips malayalam, beauty tips malayalam, workout, workout tips, life style, Indian Express Malayalam, IE Malayalam, ഐഇ മലയാളം

തിളക്കവും ആരോഗ്യവുമുള്ള ചർമ്മവും മുഖസൗന്ദര്യവും ആഗ്രഹിക്കാത്തവരുണ്ടാവില്ല. എന്നാൽ ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിൽ പലപ്പോഴും ചർമ്മസംരക്ഷണം പോയിട്ട് ആരോഗ്യപരിപാലന കാര്യങ്ങളിൽ പോലും വേണ്ടത്ര ശ്രദ്ധ ചെലുത്താൻ പലർക്കും സാധിക്കാറില്ല. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ലൈഫ്സ്റ്റൈലുമൊക്കെ ക്രമേണ നിങ്ങളുടെ ചർമ്മത്തിലും പ്രതിഫലിച്ചുതുടങ്ങും. അതിനാൽ തിരക്കുകൾക്കിടയിലും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ചർമ്മപരിപാലനത്തിനും അൽപ്പം സമയം കണ്ടെത്താൻ തയ്യാറാവണം.

കൃത്യമായ ഇടവേളകളിൽ ഫേഷ്യൽ ചെയ്യുന്നതോ വിലകൂടിയ കോസ്മെറ്റിക് പ്രൊഡക്റ്റുകൾ ഉപയോഗിക്കുന്നതോ​ ഒന്നും മുഖസംരക്ഷണം പൂർണ്ണമാക്കില്ല. മുഖസംരക്ഷണത്തിനും ഒരു ദിനചര്യ കൂടിയേ തീരൂ. ഒരു രാത്രി കൊണ്ട് മാജിക് കാണിക്കുന്ന ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ഒന്നും തന്നെ വിപണിയിൽ ഇല്ല.

എന്നാൽ കൃത്യമായ ദിനചര്യയിലൂടെയും പരിപാലനത്തിലൂടെയും ഡാമേജായ ചർമ്മത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. ലോകമെമ്പാടും ഇന്ന് ഏറെ ശ്രദ്ധ നേടിയ ഒന്നാണ് Am/Pm Skincare Routine. ചർമ്മത്തിനാവശ്യമായ ജലാംശം ഉചിതമായ അളവിൽ നിലനിർത്താൻ സഹായിക്കുന്ന ഒരു ചർമ്മസംരക്ഷണ രീതിയാണിത്.

മുഖത്തെ കരുവാളിപ്പും മുഖക്കുരുവും പാടുകളുമെല്ലാം മാറി തിളക്കവും മിനുസവും ആരോഗ്യവുമുള്ള സ്കിൻ സ്വന്തമാക്കണോ? എങ്കിൽ താഴെ പറയുന്ന എഎം-പിഎം സ്കിൻ കെയർ റൂട്ടിൽ എല്ലാ ദിവസവും രാവിലെയും രാത്രിയും പിൻതുടരൂ. ഇതിനായി നിത്യേന അര മണിക്കൂർ മാത്രം മാറ്റിവച്ചാൽ മതിയാവും.

AM Skincare Routine

രാവിലെ എണീറ്റയുടനെയുള്ള ചർമ്മസംരക്ഷണ ദിനചര്യയെ ആണ് AM Skincare Routine എന്നു പറയുന്നത്. ക്ലെൻസർ, ടോണർ, സെറം, മോയ്സ്ചറൈസർ, സൺസ്ക്രീൻ ക്രീം എന്നിവയാണ് എംഎം റൂട്ടിന്റെ ഭാഗമായി വരുന്ന ഉത്പന്നങ്ങൾ. ഓരോരുത്തരും അവരുടെ ചർമ്മത്തിന് ഇണങ്ങിയ പ്രൊഡക്റ്റുകൾ ചർമ്മരോഗ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തുക. കാരണം, ഈ ദിനചര്യയാണ് ചർമ്മത്തിന് ഹാനികരമായേക്കാവുന്ന ബാഹ്യ ഘടകങ്ങളിൽ നിന്ന് നിങ്ങളെ ദിവസം മുഴുവൻ സംരക്ഷിച്ചു നിർത്തുന്നത്.

ക്ലെൻസർ

ചർമ്മസംരക്ഷണ പ്രക്രിയയിലെ ഒരു പ്രധാന ഘട്ടമാണ് ക്ലെൻസിംഗ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ പൊടി, മേക്കപ്പിന്റെ അവശിഷ്ടങ്ങൾ, അധികമായ എണ്ണമയം, മറ്റു മാലിന്യങ്ങൾ എന്നിവയെല്ലാം നീക്കം ചെയ്യുന്നത് ക്ലെൻസർ ആണ്. ഓരോരുത്തരും അവരുടെ ചർമ്മത്തിനിണങ്ങിയ ക്ലെൻസർ വേണം തിരഞ്ഞെടുക്കാൻ. മുഖക്കുരു പോലുള്ള പ്രശ്നമുള്ളവർക്ക് സാലിസിലിക് ആസിഡ് പോലെയുള്ള രാസവസ്തുക്കൾ അടങ്ങിയ ഫോമിംഗ് ക്ലെൻസറുകൾ തിരഞ്ഞെടുക്കാം. എന്നാൽ വരണ്ടതും സെൻസിറ്റീവായതുമായ ചർമ്മമുള്ളവർക്ക് ഇത്തരം ക്ലെൻസറുകൾ ചേരില്ല. വരണ്ട ചർമ്മത്തിന് പ്രകൃതിദത്തമായതോ, ക്രീം രൂപത്തിലുള്ളതോ അല്ലെങ്കിൽ മോയ്സ്ചറൈസിംഗ് ക്ലെൻസറുകളോ വേണം തിരഞ്ഞെടുക്കാൻ.

ടോണർ

മുഖസൗന്ദര്യ പരിപാലനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടോണർ. ക്ലെന്‍സർ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയതിനു ശേഷം നിര്‍ബന്ധമായും ടോണര്‍ ഉപയോഗിക്കണം. ആല്‍ക്കഹോള്‍ അംശം ഒഴിവാക്കി ചർമ്മത്തിന് സന്തുലിതാവസ്ഥ, ജലാംശം എന്നിവ നൽകാൻ ടോണർ സഹായിക്കും. ഒപ്പം, ഒരു ക്ലെൻസറിന് ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങള്‍ കൂടി ടോണർ നിങ്ങളുടെ ചർമ്മത്തിൽ ചെയ്യുന്നുണ്ട്. ചര്‍മ സുഷിരങ്ങളില്‍ അവശേഷിക്കുന്ന എണ്ണയും അഴുക്കും മാലിന്യങ്ങളുമെല്ലാം ഇവ നീക്കം ചെയ്യും. അതിനാൽ തന്നെ ടോണറുകൾ നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്.

സെറം

നല്ല ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് സെറം. ദിവസം മുഴുവൻ സൂര്യന്റെ ഹാനികരമായ രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും സെറം സഹായിക്കും. ചർമ്മം മോയ്സ്ചറൈസ് ചെയ്യുന്നതിനു മുൻപ് ടോണറും സെറവും ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ പ്രായമാകൽ ലക്ഷണങ്ങളെ തടയാൻ സഹായിക്കും. സെറത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ കൊളാജന്റെ രൂപീകരണത്തിലും സഹായിക്കും.

മോയ്സ്ചറൈസർ

കാലാവസ്ഥ മാറ്റങ്ങൾക്ക് അനുസരിച്ച് നിങ്ങളുടെ ചർമ്മം കൂടുതൽ വരണ്ടതോ സെൻസിറ്റീവോ ആവാനുള്ള സാധ്യതയേറെയാണ്, അവിടെയാണ് മോയിസ്ചറൈസറിന്റെ ആവശ്യകത വരുന്നത്. ഒട്ടും എണ്ണമയം തോന്നാതെ ചർമ്മത്തിലെ ജലാംശം നിലനിർത്താൻ, ഹൈലൂറോണിക് അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസർ ഉപയോഗിക്കുക.

സൺസ്ക്രീൻ
മുഖം മോയ്സ്ചറൈസ് ചെയ്തു കഴിഞ്ഞാൽ അടുത്തഘട്ടം സൺസ്ക്രീൻ ഉപയോഗിക്കലാണ്. ചർമ്മസംരക്ഷണത്തിൽ ഒരു തരത്തിലും ഒഴിവാക്കാനാവാത്ത ഒന്നാണിത്. ശൈത്യകാലത്ത് പോലും സൺസ്ക്രീൻ പുരട്ടുന്നത് ശീലമാക്കണം എന്നാണ് ചർമ്മരോഗവിദഗ്ധർ പറയുന്നത്. അതുപോലെ, വീടിനു പുറത്തുപോവുന്നില്ലെങ്കിൽ കൂടി സൺസ്ക്രീൻ മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.

ചർമ്മത്തിന് അങ്ങേയറ്റം അപകടകരവും അകാല വാർദ്ധക്യത്തിന് കാരണമാകുന്നതുമായ UVA, UVB വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയാണ് സൺസ്ക്രീൻ ചെയ്യുന്നത്. SPF 50 നു മുകളിലുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുക.

മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതെല്ലാം ഈ ഘട്ടത്തിനു ശേഷമാണ് ചെയ്യേണ്ടത്.

PM Skincare Routine

രാവിലത്തെ ചർമ്മസംരക്ഷണ ദിനചര്യ, സൂര്യനിൽ നിന്നും മറ്റു ബാഹ്യമായ ഘടകങ്ങളിൽ നിന്നും നിങ്ങളുടെ മുഖത്തെ സംരക്ഷിക്കാൻ വേണ്ടിയാണെങ്കിൽ രാത്രിയിലെ ചർമ്മസംരക്ഷണ ദിനചര്യ (PM Skincare Routine) ചർമ്മം കൂടുതൽ മെച്ചപ്പെടുത്താനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും വേണ്ടിയുള്ളതാണ്.

മേക്കപ്പ് നീക്കം ചെയ്യുക

ദിവസം മുഴുവൻ മുഖത്തെ കവർ ചെയ്തുനിന്ന മേക്കപ്പും സൺസ്ക്രീനിന്റെയും മറ്റും അവശിഷ്ടങ്ങളും പൂർണ്ണമായും നീക്കം ചെയ്യുക എന്നതാണ് പിഎം സ്കിൻ കെയർ റൂട്ടിനിലെ ആദ്യപടി. ഹെവി മേക്കപ്പ് ഉണ്ടെങ്കിൽ എണ്ണയോ മേക്കപ്പ് റിമൂവറോ ഉപയോഗിച്ച് നീക്കം ചെയ്യുന്നതാവും നല്ലത്. അതിനു ശേഷം മുഖം നന്നായി വൃത്തിയാക്കാനും അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാനും ഒരു ക്ലെൻസർ പുരട്ടുക.

ഡബ്ബിൾ ക്ലെൻസിംഗ്

രാത്രിയിൽ സത്യത്തിൽ ഡബ്ബിൾ ക്ലെൻസിംഗിന്റെ ആവശ്യമുണ്ട്. മേക്കപ്പ് ഉപയോഗിച്ചില്ലെങ്കിൽ പോലും ഒരു പകലിന്റെ മൊത്തം ബാക്കിപത്രമെന്നവണ്ണം, നിങ്ങളുടെ ചർമ്മത്തിൽ പലതരത്തിലുള്ള മാലിന്യകളും അവശിഷ്ടങ്ങളും എണ്ണമയവുമൊക്കെ കാണും. അതിനാൽ ക്രീം ബെയ്സ്ഡ് ആയൊരു ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയതിനു ശേഷം നിങ്ങളുടെ സാധാരണ ഫെയ്സ് വാഷ് ഉപയോഗിച്ച് ഒന്നു കൂടി മുഖം നന്നായി കഴുകുക

ടോണർ

രാവിലെയെന്ന പോലെ നിങ്ങളുടെ ചർമ്മത്തിന് രാത്രിയും ടോണറിന്റെ ആവശ്യമുണ്ട്. ഡബ്ബിൾ ക്ലെൻസിംഗിനു ശേഷം ടോണർ ഉപയോഗിക്കുക. നിങ്ങളുടെ ചർമ്മം നന്നാക്കാൻ ടോണർ സഹായിക്കും.

അണ്ടർ ഐ ക്രീം

മുഖ പരിപാലനത്തിൽ കണ്ണുകളുടെ​ ആരോഗ്യവും ഏറെ പ്രധാനമാണ്. ഉറക്കകുറവ്, ക്ഷീണം, ടെൻഷൻ എന്നിവയാൽ പലരിലും കണ്ണിന്റെ താഴെയായി കരിവാളിപ്പ് കാണാറുണ്ട്. ഇതൊഴിവാക്കാൻ കൺതടങ്ങൾക്ക് താഴെയായി ഐ ക്രീമോ ജെല്ലോ പുരട്ടുന്നത് നല്ലതാണ്.

സെറം

പിഎം സ്കിൻ കെയർ റൂട്ടിനിലും സെറം ഭാഗമാക്കുന്നത് നല്ലതാണ്. സെറത്തിൽ ധാരാളം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഹൈഡ്രേറ്ററുകളും അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം വേഗത്തിൽ മെച്ചപ്പെടുത്തും. നമ്മൾ ഉറങ്ങുന്ന സമയത്ത് കൂടുതൽ കൊളാജൻ ഉത്പാദിപ്പിക്കാൻ ഇവ ഫൈബ്രോബ്ലാസ്റ്റുകളെ പ്രോത്സാഹിപ്പിക്കും.

മോയ്സ്ചറൈസർ

രാത്രിയിലെ സ്കിൻ കെയർ റൂട്ടീൻ പൂർണമാവുന്നത് മോയ്സ്ചറൈസർ ഉപയോഗത്തിലൂടെയാണ്. നിങ്ങൾ ഉറങ്ങുമ്പോൾ, നിങ്ങളുടെ ചർമ്മം റിപ്പയർ മോഡിലേക്ക് പോകുകയാണ്. ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനായി ശരീരം കഠിനമായി പ്രവർത്തിക്കുന്ന സമയമാണ്. അതിനാൽ ചർമ്മ സംരക്ഷണ ദിനചര്യയിൽ ഒരു നൈറ്റ് ക്രീം കൂടി ഉൾപ്പെടുത്തുന്നത് ചർമ്മത്തെ ആരോഗ്യകരവും മിനുസമാർന്നതുമാക്കാൻ സഹായിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Am and pm skincare routine for healthy skin benefits