‘ഗാംഗുഭായ് കത്ത്യാവാടി’യുടെ വിജയത്തിനുപിന്നാലെ ‘ആർആർആറും’ തിയേറ്ററിൽ സൂപ്പർ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ആലിയ ഭട്ട്. തന്റെ യൂട്യൂബ് ചാനലിൽ ആർആർആറിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളെക്കുറിച്ചുള്ള വീഡിയോ ആലിയ ഷെയർ ചെയ്തിട്ടുണ്ട്.
”ആർആർആർ എന്റെ ആദ്യ തെന്നിന്ത്യൻ സിനിമയാണ്. ആർആർആർ ഷൂട്ടിങ് സമയത്ത് ഞാൻ ആദ്യമായി ചെയ്ത കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്,” ആലിയ വീഡിയോയിൽ പറഞ്ഞു. ”ആദ്യമായി തെലുങ്ക് സംസാരിക്കാൻ ഞാൻ പഠിച്ചു സെറ്റിൽ ബിരിയാണി കഴിച്ചു,” ആലിയ ചിരിക്കുന്നു. ഇതിനു മുൻപൊരു സെറ്റിൽ താൻ ബിരിയാണി കഴിച്ചതായി ഓർക്കുന്നില്ലെന്നും ആലിയ പറഞ്ഞു.
തന്റെ മുടിയുമായി ബന്ധപ്പെട്ടൊരു കാര്യത്തെക്കുറിച്ചും ആലിയ സംസാരിച്ചു. ”മറ്റൊരു സിനിമയ്ക്കുവേണ്ടി എന്റെ മുടി കളർ ചെയ്തിരുന്നു. ആർആർആറിൽ എനിക്ക് ഇരുണ്ട മുടി വേണം. ഞാനെന്റെ മുടി കളർ ചെയ്തു, പക്ഷേ സെറ്റിൽ പോയപ്പോൾ, വെളിച്ചമോ മറ്റോ കാരണം, ഹൈലൈറ്റ്സുകൾ തെളിഞ്ഞു കാണാമായിരുന്നു,”വെന്ന് ആലിയ പറഞ്ഞു. മുടിക്ക് കളർ ചെയ്യാനായി നാല് തവണ ഹോട്ടലിലേക്ക് മടങ്ങി പോയെന്ന് ആലിയയുടെ ഹെയർസ്റ്റൈലിസ്റ്റ് വിശദീകരിച്ചു.
ഷോട്ടുകൾക്കിടയിൽ സംവിധായകൻ എസ്.എസ്.രാജമൗലി പറയാറുള്ള അമർ ചിത്ര കഥ (ഇന്ത്യൻ ചരിത്രം, പുരാണങ്ങൾ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള കഥകൾ) കേട്ടിരിക്കുന്നത് രസകരമായ മറ്റൊരു കാര്യമായിരുന്നു. ഇതും തന്റെ ആദ്യ അനുഭവമെന്നാണ് ആലിയ പറഞ്ഞത്.
Read More: മൂന്നു മാസം കൊണ്ട് കുറച്ചത് 16 കിലോ? ആലിയ ഭട്ടിനെക്കുറിച്ച് ഈ 7 കാര്യങ്ങൾ അറിയാമോ?