ലണ്ടൻ: വായു മലിനീകരണം കൊണ്ടു ബുദ്ധിമുട്ടുന്ന ഡൽഹി നിവാസികളുടെ വാർത്തകൾ നാം നിത്യേന കാണുന്നുണ്ട്. ശ്വാസകോശ രോഗങ്ങൾ തുടങ്ങി അനവധി ആരോഗ്യപ്രശ്നങ്ങൾക്ക് വായു മലിനീകരണം കാരണമാകുന്നുണ്ട്. എന്നാൽ വായു മലിനീകരണം കുട്ടികളുടെ ബുദ്ധിവികാസത്തെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ. യുകെ കേന്ദ്രീകരിച്ച് നടന്ന പഠനത്തിലാണ് വായു മലിനീകരണം കുട്ടികളുടെ ബുദ്ധിശക്തിയെ ബാധിക്കുമെന്ന് വെളിപ്പെട്ടത്. ‘ജേണൽ ഓഫ് ഇന്റലെക്ച്വുൽ ഡിസെബിലിറ്റി റിസർച്ച്’ എന്ന പ്രസിദ്ധീകരണത്തിലാണ് വായു മലിനീകരണവും കുട്ടികളുടെ ബുദ്ധിവളർച്ചയും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന പഠനം പ്രസിദ്ധീകരിച്ചത്.
ബ്രിട്ടനിലെ കുട്ടികളിലാണ് പഠനം നടത്തിയത്. ഉയർന്ന തോതിൽ വായു മലിനീകരണമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളേയും മറ്റു കുട്ടികളേയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ഉയർന്ന വായു മലിനീകരണമുള്ള പ്രദേശത്ത് ജീവിക്കുന്ന കുട്ടികളുടെ ബുദ്ധിവികാസം കുറവുള്ളതായി കണ്ടെത്തി. ബുദ്ധിവികാസം കുറവുള്ള കുട്ടികൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പലരും അകാലത്തിൽ മരണപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടു എന്ന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ പ്രൊഫസ്സർ എറിക്ക് എമേഴ്സൺ പറഞ്ഞു.
യുകെയിലെ മില്ലേനിയം കൊഹോർട്ട് സ്റ്റഡി 2000ത്തിനും 2002നും ഇടയിൽ ജനിച്ച 18,000 കുട്ടികളെയാണ് പഠനം നടത്താനായിട്ട് തിരഞ്ഞെടുത്തത്. ഇതിൽ ബുദ്ധിവികാസത്തിന് തടസ്സം നേരിടുന്ന് 33% കുട്ടികളും ഉയർന്ന അളവിൽ ഡീസലിന്റെ അംശങ്ങൾ അടങ്ങിയ പ്രദേശത്തും 30% പേർ കൂടിയ അളവിൽ നൈട്രജൻ ഡൈയോക്സൈഡുള്ള പ്രദേശത്തും, 30% പേർ കാർബൺ മോണോക്സൈഡ് കൂടിയ അളവിലുളള പ്രദേശത്ത് ജീവിക്കുന്നതായും, 17% പേർ സൾഫർ വുഡൈയോക്സൈഡ് കൂടിയ അളവിലുള്ള പ്രദേശത്തും ജീവിക്കുന്നതായും കണ്ടെത്തി.
ലാൻകാസ്റ്റർ യുണിവേഴ്സിറ്റിയിലെ ഗവേഷകരും പഠനത്തിൾ പങ്കെടുത്തിരുന്നു. അവരുടെ അഭിപ്രായത്തിൽ സാമ്പത്തികവും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർ പൊതുവേ താമസചിലവു കുറഞ്ഞ പ്രദേശത്തായിരിക്കും താമസിക്കുക. അത്തരം പ്രദേശത്ത് ഉയർന്ന തോതിലുള്ള വായു മലിനീകരണ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇവയെല്ലാം കുട്ടികളുടെ ബുദ്ധിവളർച്ചയെ ബാധിക്കാറുണ്ട്