നാലു ദിവസം മുൻപാണ് നടി അഹാന കൃഷ്ണ സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തത്. ഇതിനകം രണ്ടര മില്യണിലേറെ ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അഹാനയുടെ സംവിധാനമികവിനെ പ്രശംസിച്ചുകൊണ്ട് പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവരും രംഗത്ത് എത്തിയിരുന്നു.
കുട്ടിക്കാലത്ത് അമ്മയുണ്ടാക്കി തന്നെ രുചികൾ ഓർമയിൽ വന്നപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലിലെ ഷെഫായ ഒരു പെൺകുട്ടി ആ രുചികളെ പുനരാവിഷ്കരിക്കുന്നതാണ് തോന്നൽ എന്ന മ്യൂസിക്കൽ വീഡിയോ പറഞ്ഞത്. വീഡിയോയുടെ ക്ലൈമാക്സ് സീനിൽ ഭക്ഷണപ്രേമികളുടെയെല്ലാം കണ്ണുടക്കിയ താരം, ഒരു കേക്കായിരുന്നു. ‘തോന്നലി’ലെ ഹീറോയായ ആ കേക്ക് പിറന്ന കഥ പറയുകയാണ് അഹാന ഇപ്പോൾ.
“തോന്നൽ കേക്ക്, ചോക്ലേറ്റ് സ്വിൾ കേക്കിനെ ഞങ്ങൾ വിളിക്കുന്നത് അങ്ങനെയാണ്. തോന്നൽ എഴുതി പൂർത്തിയാക്കിയപ്പോൾ മുതൽ തന്നെ, ക്ലൈമാക്സിൽ കാണിക്കേണ്ട കേക്കിനായുള്ള എന്റെ അന്വേഷണം ആരംഭിച്ചു. ദിവസങ്ങളോളം നീണ്ട ചിന്തകൾക്കും അലച്ചിലിനും ശേഷം ഞാൻ ‘ബണ്ട് കേക്കുകൾ’ (ഇത്തരത്തിലുള്ള കേക്കുകളെ പൊതുവായി വിളിക്കുന്നത് അങ്ങനെയാണ്) കാണാനിടയായി. കണ്ട ഉടനെ തന്നെ ഞാനാ കേക്കുമായി പ്രണയത്തിലായി, ഇതാണ് എനിക്ക് വേണ്ടത് എന്ന് തിരിച്ചറിഞ്ഞു. ആരെ കൊണ്ട് ഈ കേക്ക് ബേക്ക് ചെയ്യിപ്പിച്ചെടുക്കും എന്നതായിരുന്നു അടുത്ത ചിന്ത. എന്റെ മനസ്സിൽ ആദ്യം വന്നത് മിയാസ് കപ്കേക്കറിയാണ്. മുൻപും ഏതാനും കേക്കുകൾ എനിക്കു വേണ്ടി അവർ ഉണ്ടാക്കിയിട്ടുണ്ട്,” കേക്ക് പിറന്ന കഥ അഹാന കുറിക്കുന്നതിങ്ങനെ.
തോന്നൽ വീഡിയോയുടെ സംഗീതം ഗോവിന്ദ് വസന്തയും വരികൾ ഷറഫുവിന്റേതാണ്. ‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Read more: ‘തോന്നൽ’ ആൽബം ഹിറ്റ്; ഡാൻസ് കവറുമായി അഹാനയും സഹോദരികളും
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നിവയാണ് റിലീസ് ചെയ്ത മറ്റുചിത്രങ്ങൾ. നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാന ചിത്രങ്ങൾ.