ലോകമെമ്പാടും ഏറെ ഫാൻസുള്ള സീരിസുകളിൽ ഒന്നാണ് ‘എമിലി ഇൻ പാരീസ്’. പ്രായം ഇരുപതുകളിലെത്തി നിൽക്കുന്ന ഒരു അമേരിക്കക്കാരി പെൺകുട്ടിയാണ് എമിലി കൂപ്പർ. പാരീസിലെ ഒരു മാർക്കറ്റിംഗ് സ്ഥാപനത്തിൽ എമിലി ജോലിയ്ക്ക് എത്തുന്നതും അവിടെ അഭിമുഖീകരിക്കേണ്ടി വരുന്ന കൾച്ചറൽ ഡിഫ്രൻസും കരിയറിൽ നേരിടുന്ന പ്രശ്നങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെയാണ് ഈ സീരീസ് പറഞ്ഞുപോവുന്നത്. സോഷ്യൽ മീഡിയയുടെ സാധ്യതകളെ രസകരമായി ഉപയോഗപ്പെടുത്തുന്ന എമിലിയുടെ ഡ്രസ്സിംഗ്, ബോൾഡായ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ എന്നിവയെല്ലാം നല്ലൊരു വിഭാഗം പെൺകുട്ടികളെയും ഈ സീരിസിലേക്ക് ആകർഷിച്ച ഘടകങ്ങളാണ്. ബ്രിട്ടീഷ് നടിയായ ലില്ലി കോളിൻസാണ് ഈ സീരിസിൽ എമിലിയെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ, നടി അഹാന കൃഷ്ണയും എമിലി ഇൻ പാരീസിലെ ലില്ലി കോളിൻസിന്റെ ഒരു ലുക്ക് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ്. മെറ്റീരിയൽ വാങ്ങി ഡ്രസ്സ് തയ്ച്ചെടുക്കുന്നതു മുതൽ സ്റ്റൈലിംഗ് വരെയുള്ള കാര്യങ്ങളാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അഹാന പങ്കുവയ്ക്കുന്നത്.
ഫോറിൻ വെബ് സീരിസുകളിലെ ഫാഷൻ ട്രെൻഡുകൾക്ക് ഇന്ന് ഇന്ത്യയിലും ഏറെ പ്രചാരമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രത്തിൽ അനിഖയുടെ കഥാപാത്രം അണിയുന്നതിൽ ഏറെയും കൊറിയൻ ഡ്രാമകളിൽ നിന്നും പ്രചോദനമുൾകൊണ്ട വസ്ത്രങ്ങളാണ്.
നെറ്റ്ഫ്ളിക്സ് സീരിസുകളിലെ ഡ്രസ്സുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി നെറ്റ്ഫ്ളിക്സ് ഷോപ്പ് എന്നൊരു വെബ്സൈറ്റ് പോലും ഇന്ന് ലഭ്യമാണ്. netflix.shop എന്നു സെർച്ച് ചെയ്താൽ നെറ്റ്ഫ്ളിക്സിലെ വിവിധ സീരിസുകളിൽ നിന്നുള്ള ട്രെൻഡി വസ്ത്രങ്ങളും ആക്സസറീസും ഓൺലൈനായി സ്വന്തമാക്കാനാവും.