ഫാഷൻ ട്രെൻഡ് നല്ലവണ്ണം പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങളാണ് അഹാനയുടെ ശേഖരത്തിലുള്ളത്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള അഹാന ഇടയ്ക്ക് ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫൊട്ടൊഷൂട്ടുകളും ചെയ്യാറുണ്ട്.
നാലു വർഷങ്ങൾക്ക് ശേഷം അഹാന കൃഷ്ണ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ദുൽഖർ സൽമാൻ നിർമിക്കുന്ന ‘അടി’ എന്ന ചിത്രത്തിലാണ് അഹാന അഭിനയിക്കുന്നത്. ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഏപ്രിൽ 14ന് റിലീസിനെത്തും. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി അഹാന പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എത്നിക്ക് സൽവാറുകളാണ് തന്റെ പ്രമോഷനായി താരം തിരഞ്ഞെടുത്തത്. ഈസ്റ്റർ ദിനത്തിൽ ആശംസകളറിയിച്ച് താരം ഷെയർ ചെയ്ത ചിത്രവും വൈറലായിരുന്നു.
ഫ്ളോറൽ പ്രിന്റുകൾ നിറഞ്ഞ സൽവാറാണ് അഹാന അണിഞ്ഞത്. സാൻഡ് ലോർ എന്ന വെബ്സൈറ്റിൽ നിന്ന് താരം തിരഞ്ഞെടുത്ത വസ്ത്രത്തിന്റെ പേര് ‘ഗുൽ എ ബഹർ’ എന്നാണ്. ഫ്ളയർ അധികമായുള്ള കുർത്തയും പാന്റുമായാണ് ഈ സെറ്റ് സൈറ്റിൽ ലഭ്യമാകുന്നത്.
വെള്ളയിൽ പിങ്ക്, ഗ്രീൻ എന്നീ നിറങ്ങിലുള്ള ഡിസൈനാണ് നിറയുന്നത്. മൽമൽ മെറ്റീരിയലിൽ ഒരുക്കിയ കുർത്തയ്ക്ക് കഫ്ഡ് സ്ലീവ്സാണ് നൽകിയിരിക്കുന്നത്. ഈ സിമ്പിൾ, എലഗന്റ് കുർത്തയുടെ വില 5500 രൂപയാണ്.