വിവാഹത്തിൽനിന്നും കാമുകൻ പിന്മാറിയതിനെ തുടർന്ന് സ്വയം വിവാഹിതയായി യുവതി. യുഎസിലാണ് സംഭവം. 35 കാരിയായ മെഗ് ടെയ്‌ലറാണ് കൊളറാഡോയിൽവച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വയം വിവാഹിതയായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം.
കഴിഞ്ഞ ജൂണിലാണ് മെഗ് ടെയ്‌ലറും കാമുകനും വേർപിരിഞ്ഞത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു വേർപിരിയൽ. പക്ഷേ, വിവാഹിതയാകാനെടുത്ത തീരുമാനം മാറ്റാൻ മെഗ് തയ്യാറായില്ല. വരനില്ലാതെ എങ്ങനെ വിവാഹിതയാകാമെന്ന ചിന്തയിൽനിന്നാണ് സ്വയം വിവാഹിതയാകാമെന്ന് തീരുമാനിച്ചത്.
Read More: ഐശ്വര്യ റായ്ക്ക് പാക്കിസ്ഥാനിൽനിന്നുമൊരു അപര
വിവാഹ വസ്ത്രവും, കേക്കും, ഡയമണ്ട് മോതിരവും വാങ്ങിയത് മെഗ് ആയിരുന്നു. വിവാഹ ദിനത്തിൽ താൻ സ്വപ്നം കണ്ടതുപോലെ നവവധുവായി ഒരുങ്ങി മെഗ് വേദിയിലേക്കെത്തി. സ്വയം എഴുതിത്തയ്യാറാക്കിയ വിവാഹ ഉടമ്പടി വായിച്ചു. കയ്യില്‍ കരുതിയിരുന്ന മോതിരം സ്വയം വിരലില്‍ അണിഞ്ഞു. പിന്നീട് കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ ചുംബിച്ച് താന്‍ വിവാഹിതയായതായി പ്രഖ്യാപിച്ചു.
”സ്വയം സ്നേഹത്തിന്റെ ഭാഗമായാണ് ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആദ്യമൊക്കെ എതിർപ്പുമായി എത്തി. പക്ഷേ ഞാൻ അപ്പോഴും മുന്നോട്ടു പോകാൻ തീരുമാനിച്ചു. എന്റെ ആഗ്രഹമെന്താണോ അത് നിറവേറ്റാനാണ് ഞാൻ ശ്രമിച്ചത്”’ മെഗ് പറഞ്ഞു.