നിങ്ങൾ വാങ്ങിയ “ഫ്രഷ്, പച്ച നിറമുള്ള പച്ചക്കറികൾ” മായം കലർന്നതാണോ അല്ലയോ എന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അതേസമയം തന്നെ മായം കലർന്ന പച്ചക്കറികൾ കഴിക്കുന്നത് കാൻസർ ഉണ്ടാക്കുന്നതടക്കമുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ അവ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
നിങ്ങൾ പോഷകസമൃദ്ധമായ ആഹാരത്തിനായി പച്ചക്കറികൾ വാങ്ങുമ്പോൾ അതിൽ മായം കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത് എങ്ങനെയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ. ഇക്കാര്യത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ) പങ്കുവയ്ക്കുന്ന ചില നിർദേശങ്ങളുണ്ട്. ഇവ അനുസരിച്ച് വളരെ ലളിതമായി തന്നെ മായം ചേർക്കലിനായി പച്ചക്കറികളിലുപയോഗിക്കുന്ന മാലക്കൈറ്റ് ഗ്രീൻ എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്താം.
എന്താണ് മാലക്കൈറ്റ് ഗ്രീൻ?
തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഡൈ ആണ് മാലക്കൈറ്റ് ഗ്രീൻ. മീനുകൾക്ക് ഒരു ആന്റിപ്രോട്ടോസോൾ, ആന്റിഫംഗൽ മരുന്നായി വ്യാപകമായി ഇത് ഉപയോഗിക്കുന്നുവെന്ന് സയൻസ്ഡ് ഡയറക്ട് ഡോട്ട് കോം പറയുന്നു. ഇത് മത്സ്യകൃഷിയിൽ പരാദങ്ങൾക്കെതിരായ മരുന്നായും ഭക്ഷണം, ആരോഗ്യം, തുണിത്തരങ്ങൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിൽ വിവിധ ആവശ്യങ്ങൾക്കുമായി ഇത് വ്യാപകമായി ഉപയോഗിക്കുന്നതായി വെബ്സൈറ്റിൽ പറയുന്നു. “ഇത് വിവിധതരം മത്സ്യങ്ങളിലും മറ്റ് ജലജീവികളിലും ഉണ്ടാകുന്ന ഫംഗസ് ആക്രമണങ്ങൾ, പ്രോട്ടോസോവൻ അണുബാധകൾ, മറ്റ് ചില രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നു,” വെബ്സൈറ്റിൽ പറയുന്നു.
പച്ച നിറമുള്ള പച്ചക്കറികളിലാണ് ഈ രാസവസ്തു ഉപയോഗിക്കുന്നത്. മുളക്, ഗ്രീൻപീസ്, ചീര തുടങ്ങിയ പച്ചക്കറികളിൽ പച്ചനിറം നല്ലരീതിയിൽ വരുത്താൻ ഈ രാസവസ്തു ഉപയോഗിക്കുന്നു.
എന്തുകൊണ്ട് അത് അപകടകരമാണ്?
വായുവുമായി സമ്പർക്കം വരുന്ന സമയം, താപനില, ഗാഢത എന്നിവയുടെ അടിസ്ഥാനത്തിൽ ഈ ഡൈയിൽ വിഷാംശം വർദ്ധിക്കുന്നുവെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻസിബിഐ) പറയുന്നു. ഇത് കാൻസറിന് വരെ കാരണമാവുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അവർ പറയുന്നു. കാർസിനോജെനിസിസ്, മ്യൂട്ടജെനിസിസ്, ക്രോമസോമൽ ഒടിവുകൾ, ടെരാറ്റോജെനിസിറ്റി, ശ്വസന വിഷബാധ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. മാലക്കൈറ്റ് ഗ്രീനിന്റെ ഹിസ്റ്റോപാത്തോളജിക്കൽ ഇഫക്റ്റുകളിൽ മൾട്ടി-ഓർഗൻ ടിഷ്യുകൾക്കുള്ള ക്ഷതവും ഉൾപ്പെടുന്നു.
അത്തരം മായം എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ട്, എഫ്എസ്എസ്എഐ അടുത്തിടെ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.
ഈ രാസവസ്തു കണ്ടെത്താനുള്ള ലളിതമായ ഒരു പരിശോധന ആ വീഡിയോയിൽ നിർദേശിക്കുന്നു. വെണ്ടക്കയിലെ മായം പരിശോധിക്കുന്നതിനുള്ള രീതിയാണ് വീഡിയോയിൽ പറയുന്നത്. പരിശോധനാ രീതി:
- ലിക്വിഡ് പാരഫിനിൽ കുതിർത്ത ഒരു പരുത്തി കഷണം എടുക്കുക.
- വെണ്ടക്കയുടെ ഒരു ചെറിയ ഭാഗത്തിന്റെ പുറത്തെ പച്ച ഉപരിതലത്തിൽ അതുകൊണ്ട് തടവുക.
- പരുത്തിയിൽ നിറവ്യത്യാസം കണ്ടില്ലെങ്കിൽ, അത് മായം കലരാത്തതാണ്.
- പരുത്തി പച്ചയായി മാറിയാൽ അത് മായം കലർന്നതാണ്.