ശരീരഭാരം കുറച്ച് പുതിയ ലുക്കിലും മേക്ക് ഓവറിലുമെത്തി വിസ്മയിപ്പിക്കുകയാണ് തെന്നിന്ത്യൻ താരം റായ് ലക്ഷ്മി. ഇൻസ്റ്റഗ്രാമിൽ ലക്ഷ്മി റായ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. യെല്ലോ ട്രാക്ക് സ്യൂട്ടിൽ മനോഹരിയായ ലക്ഷ്മിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
മോഡലിംഗ് രംഗത്തുനിന്നാണ് ലക്ഷ്മി റായ് സിനിമയിലെത്തിയത്. 2005 ൽ തമിഴിലെ ‘കർക കസദര’ എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി റായുടെ അരങ്ങേറ്റം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയൊന്നും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
‘റോക്ക് ആൻഡ് റോൾ’ ആയിരുന്നു ലക്ഷ്മിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. പിന്നീട് അണ്ണൻതമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്‌ത്യൻബ്രദേഴ്‌സ്, കാസനോവ, അറബീം ഒട്ടകവും പി മാധവൻ നായരും, രാജാധിരാജ എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായാണ് ലക്ഷ്മി കൂടുതലും അഭിനയിച്ചത്. സൂപ്പർതാരങ്ങളുടെ നായികാ ലേബൽ അധികം വൈകാതെ തന്നെ മലയാളത്തിലെ ഒന്നാംനിര നായികമാരുടെ പദവിയിലേക്ക് ലക്ഷ്മിയെ ഉയർത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി ഇതിനകം അമ്പതോളം ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
2014ൽ ലക്ഷ്മി തന്റെ പേരിൽ ന്യൂമറോളജി പ്രകാരം മാറ്റം വരുത്തുകയും റായ് ലക്ഷ്മി എന്നാക്കുകയും ചെയ്തിരുന്നു. ബോളിവുഡ് ചിത്രമായ ‘ജൂലി 2’വിനു വേണ്ടി ശരീരഭാരം കുറച്ച് വൻ മേക്കോവറാണ് റായ് ലക്ഷ്മി നടത്തിയത്.
“ഈ ശരീരം ഇങ്ങനെയാവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓർക്കാൻ കഴിയുന്നില്ല. ജീവിതകാലം മുഴുവൻ ഞാൻ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവിൽ എനിക്കൊരു പുതിയ വ്യക്തിയെ പോലെ തോന്നുന്നു. ഫിറ്റ് ആയിരിക്കുന്ന ഈ എന്നെ ഞാനിഷ്ടപ്പെടുന്നു, ഇതു ശാരീരികമായ മാറ്റം മാത്രമല്ല, മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതിൽ എനിക്കു സന്തോഷമുണ്ട്,” എന്നാണ് ശരീരഭാരം കുറച്ചതിനെ കുറിച്ച് റായ് ലക്ഷ്മി പറഞ്ഞതിങ്ങനെ.