മലയാള നടികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് തെലുങ്ക് പ്രേക്ഷകർ. ടോളിവുഡുകാരുടെ ഹൃദയം കീഴടങ്ങിയ നടികൾ നിരവധിയാണ്. ഇക്കൂട്ടത്തിലേക്ക് പുതുതായി കടന്നുകയറിയ നായികയാണ് നിവേദ തോമസ്. തെലുങ്കിലെത്തിയ നിവേദിത ആളാകെ മാറിപ്പോയി. നിവേദതയുടെ പുതിയ ഫോട്ടോകൾ കണ്ടാൽ ആരും അതിശയിച്ചുപോകും. വളരെ സുന്ദരിയായ ക്യൂട്ടായ നിവേദയാണ് ചിത്രങ്ങളിലുളളത്.
ബാലതാരമായിട്ടാണ് നിവേദ മലയാള സിനിമയിലേക്കെത്തുന്നത്. വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടി. കുഞ്ചാക്കോ ബോബൻ നായകനായ ‘റോമൻസ്’ ചിത്രത്തിൽ നായികയായെത്തിയെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് തമിഴിലേക്ക് നിവേദ ശ്രദ്ധ ചെലുത്തി. എന്നാൽ കോളിവുഡിൽ നിവേദയ്ക്ക് വിജയിക്കാനായില്ല. ജില്ലയിൽ വിജയ്‌യുടെ അനിയത്തിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ മറ്റു ചിത്രങ്ങളൊക്കെ പരാജയമായി. തമിഴിൽനിന്നുമാണ് നിവേദ തെലുങ്കിലേക്കെത്തിയത്. തെലുങ്കിലെ നിവേദയുടെ ആദ്യ ചിത്രം ജെന്റിൽമാൻ ആയിരുന്നു. അതിലെ അഭിനയത്തിന് മികച്ച പുതുമുഖ നായികയ്ക്കുളള സൈമയുടെ അവാർഡ് ലഭിച്ചു.
‘നിന്നു കോരി’യാണ് തെലുങ്കിലെ നിവേദയുടെ പുറത്തിറങ്ങിയ പുതിയ ചിത്രം. ഈ ചിത്രത്തെക്കുറിച്ച് റാണ ദഗുബാട്ടിയുടെ ട്വീറ്റ് വാർത്തയായിരുന്നു. തെലുങ്ക് സിനിമയുടെ അടുത്തിടെയുളള ഏറ്റവും നല്ല കണ്ടെത്തലാണ് നിവേദ തോമസ് എന്നായിരുന്നു റാണ സിനിമ കണ്ടതിനുശേഷം ട്വീറ്റ് ചെയ്തത്. കെ.എസ്.രവീന്ദ്ര സംവിധാനം ചെയ്യുന്ന ജയ് ലവകുശയാണ് നിവേദ അഭിനയിക്കുന്ന മറ്റൊരു ചിത്രം. എൻടിആർ ജൂനിയർ ആണ് ചിത്രത്തിലെ നായകൻ.