അമിതവണ്ണം പോലെ തന്നെ പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ് തീരെ മെലിഞ്ഞിരിക്കുന്ന അവസ്ഥയും. രണ്ടു വർഷം കൊണ്ട് കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം വർധിപ്പിച്ച് സൂപ്പർ ഫിറ്റായ കഥയാണ് നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത്.
മെലിഞ്ഞിരുന്നതിന്റെ പേരിൽ ഏറെ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുള്ള ആളാണ് താനെന്ന് ഇഷാനി മുൻപൊരിക്കൽ ഒരു വീഡിയോയിലൂടെ തുറന്നു പറഞ്ഞിരുന്നു. ശരീരത്തിന് ആവശ്യം വേണ്ട ഭാരം വർധിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് ഫിറ്റ്നസ്സിലേക്ക് ശ്രദ്ധയൂന്നിയതെന്നും ഇഷാനി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, രണ്ടുവർഷത്തെ ഫിറ്റ്നസ്സ് യാത്രയുടെ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ഇഷാനി കൃഷ്ണ.
ആയാസകരമായ വ്യായാമമുറകളെ വളരെ കൂളായി നേരിടുന്ന ഇഷാനിയെ ആണ് വീഡിയോയിൽ കാണാനാവുക.
“മിക്കവർക്കും അവരുടെ രൂപസൗന്ദര്യം മാത്രമാണ് പ്രധാനം. വളരെ കുറച്ച് ആളുകൾക്ക് അവരുടെ ശരീരത്തിന് യഥാർത്ഥത്തിൽ ചെയ്യാൻ കഴിയുന്ന അത്ഭുതകരമായ കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നു! 2 വർഷം മുമ്പ്, ഞാനിത് ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ ഫിസിക്കലി ആക്റ്റീവാകാൻ തീരുമാനിച്ചത് ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണ്! ശരീരസൗന്ദര്യത്തിനൊപ്പംതന്നെ സജീവമായ ജീവിതത്തോടൊപ്പം ശക്തമായ അടിത്തറയുണ്ടാക്കുന്നു എന്നു ഉറപ്പാക്കുക. സൗന്ദര്യം നിങ്ങളെ പിന്തുടരും,” എന്നാണ് ഇഷാനി കുറിക്കുന്നത്.