1980കളിലാണ് അരുണ്‍ ഗോവില്‍ ആദ്യമായി ദൈവമായത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന, രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത ‘രാമായണ്‍’ എന്ന പരമ്പരയിലെ മനോഹരമായി പുഞ്ചിരിക്കുന്ന ആ ശ്രീരാമനെ ആരും മറക്കില്ല. പിന്നീടും നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു. മൂന്ന് പതിറ്റാണ്ടിനു ശേഷം ഒരിക്കല്‍ കൂടി അരുണ്‍ ഗോവില്‍ രാമനാകുന്നു. ഇക്കുറി ടെലിവിഷന്‍ പരമ്പരയിലല്ല, മറിച്ച് ‘ദി ലെജന്‍ഡ്‌സ് ഓഫ് റാം: ഏക് ശബ്ദ്, ഏക് ബാന്‍, ഏക് നാരി’ എന്ന പേരില്‍ അതുല്‍ സത്യ കൗശിക് സംവിധാനം ചെയ്യുന്ന നാടകത്തിലാണ്. അടുത്ത ആഴ്ച ദസറയുടെ ഭാഗമായി നാടകം അരങ്ങേറും.
നിതീഷ് ഭരദ്വാജ് കൃഷ്ണ വേഷത്തില്‍ എത്തിയ ‘ചക്രവ്യൂഹ്’, പുനീത് ഇസ്സര്‍ രാവണനായി വേഷമിട്ട ‘രാവണ്‍ കി രാമായണ്‍’ എന്നിവയായിരുന്നു കൗശിക്കിന്‌റെ മുന്‍ നിര്‍മാണങ്ങള്‍. അരുണ്‍ ഗോവില്‍ രാമനായി അഭിനയിച്ച രാമായണം കണ്ടുവളര്‍ന്ന കൗശിക്കിനെ സംബന്ധിച്ചിടത്തോളം തന്റെ നാടകത്തില്‍ അഭിനയിക്കാന്‍ ഗോവില്‍ അല്ലാതെ മറ്റൊരു ഓപ്ഷനില്ല. നാടകത്തെക്കുറിച്ചും രാമൻ കഥാപാത്രത്തെക്കുറിച്ചും അരുണ്‍ ഗോവില്‍ സംസാരിക്കുന്നു.
മുപ്പത് വര്‍ഷം മുമ്പ് അവതരിപ്പിച്ച രാമനില്‍നിന്നു പുതിയ രാമന്‍ എത്രത്തോളം വ്യത്യസ്തനാണ്?
രാമാനന്ദ് സാഗറിന്റെ രാമായണത്തിലെ ദിവ്യരൂപത്തേക്കാള്‍, പുതിയ രാമന്‍ കൂടുതല്‍ മനുഷ്യനാണ്. ജീവിതത്തിലെ പല പോരാട്ടങ്ങളെയും അഭിമുഖീകരിക്കുന്ന, ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന, വിജയികളായി ഉയര്‍ന്നുവരുന്ന, ഒരു കാലത്തെ വിഷ്ണുവായി കണക്കാക്കപ്പെടാന്‍ തുടങ്ങുന്ന ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. അതിവിശിഷ്ട ഗുണങ്ങളുള്ളവരും ദൈവിക സ്വഭാവമുള്ളവരുമായ മനുഷ്യര്‍ ഉണ്ടെന്നാണ് ഈ നാടകത്തിലൂടെ ഞങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്.
രാമന്‍ ഒരു രാഷ്ട്രീയ വ്യക്തിത്വമായും തിരഞ്ഞെടുപ്പ് പ്രശ്‌നമായും ഉയര്‍ന്നുവന്നിട്ടുള്ളതിനാല്‍, നിങ്ങളുടെ നാടകത്തിന് നമ്മുടെ നേതാക്കള്‍ക്ക് എന്തെങ്കിലും സന്ദേശമുണ്ടോ?
നാടകത്തില്‍ ഒരിടത്ത് രാമന്‍ പറയുന്നുണ്ട് ‘തന്റെ പ്രജകളുടെ ക്ഷേമത്തിനപ്പുറം ഒരു രാജാവിന് മറ്റ് വ്യക്തിപരമാിയ അജണ്ടകള്‍ ഒന്നുമില്ല,’ എന്ന്. ഇവിടെ രാമന്‌റെ മാനുഷിക നിലവാരം നിങ്ങള്‍ക്കു മനസിലാക്കാം. ഇത് ഇക്കാലത്തും ശരിയാണ്. ഇതു രാഷ്ട്രീയക്കാര്‍ക്കുള്ള ഒരു ഒരു പോസിറ്റീവ് സന്ദേശമാണ്. ജനപ്രതിനിധികള്‍ക്ക് അവരെ തിരഞ്ഞെടുത്ത ലക്ഷക്കണക്കിനു വോട്ടര്‍മാരോട് ഒരു ഉത്തരവാദിത്തവും ഇല്ലേ? ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് മാത്രമാണോ ലക്ഷ്യം? തന്‌റെ പ്രജകളില്‍ ഒരാള്‍ സീതയ്ക്കു നേരെ സംശയം ഉന്നയിച്ചപ്പോള്‍, ഒരു രാജാവ് എന്ന രീതിയില്‍ അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിക്കുകയും സീതയെ നാടു കടത്തുകയും ചെയ്തു.
ഒരു നടനെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും രാമന്‍ നിങ്ങളെ എങ്ങനെയാണു സ്വാധീനിച്ചിട്ടുള്ളത്?
സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും നല്ല വശവും ചീത്ത വശവുമുണ്ട്. ഒരു വശത്ത്, രാമന്റെ കഥാപാത്രമായി വേഷമിട്ട ആളാണ് ഞാൻ. അതിനാൽ ആളുകൾക്ക് എന്നെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ മറുവശത്ത് ആളുകൾക്ക് ചിന്തിക്കാം എന്തുകൊണ്ട് ഞാൻ ഇത്തരം വേഷങ്ങളിൽ മാത്രം അറിയപ്പെടുന്നു എന്ന്. എനിക്ക് പിന്നീട് ഇത്തരം കഥാപാത്രങ്ങൾ മാത്രം കിട്ടിത്തുടങ്ങി. ഞാൻ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു. വീണ്ടും, ഞാൻ പുകവലി നിർത്തി, കാരണം ആളുകൾ വന്ന് എന്റെ കാലിൽ സ്പർശിക്കുന്ന സമയത്ത്, അവർ എന്നെ ഒരു സിഗരറ്റുമായി കാണാൻ ആഗ്രഹിക്കുന്നില്ല. അത് ഒരു അനുഗ്രഹമായിരുന്നു. ‘പല അഭിനേതാക്കളും ആഗ്രഹിക്കുന്ന തരത്തിലുള്ള സ്നേഹം ആളുകൾ എനിക്ക് നൽകുമ്പോൾ, എനിക്ക് പുകവലിക്കുകയും മദ്യപിക്കുകയും പാർട്ടികളിൽ പങ്കെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ?’ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങി. നമ്മുടെ രാജ്യത്ത് വിശ്വാസവും മതവും വളരെ ശക്തമാണ്. നമ്മൾ അതിനെ മാനിക്കണം .
സ്‌ക്രീനിലെ നിങ്ങളുടെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റേജ് ഒരു പുതിയ അനുഭവമാണോ?
ഇതിനുമുൻപ് ഒരിക്കലും ഞാൻ കൊമേഴ്സ്യൽ നാടകങ്ങൾ ചെയ്തിട്ടില്ല. അമേച്വർ നാടകങ്ങളേ ചെയ്തിട്ടുള്ളൂ. അതുൽ ഈ നാടകത്തിന്റെ ആശയം മുന്നോട്ട് വച്ചപ്പോൾ, പ്രേക്ഷകർക്കു മുന്നിലുള്ള ഒരു തത്സമയ പ്രകടനത്തിൽ നിങ്ങൾ കൂടുതൽ ജാഗ്രതയും ചടുലതയും കാണിക്കുമെന്ന് എനിക്ക് തോന്നി. അഭിനയരംഗത്ത് വളരെക്കാലം പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തിയെന്ന നിലയിൽ, ഞാൻ എല്ലായ്പ്പോഴും കാര്യങ്ങളെ നന്നായി നിരീക്ഷിക്കുമായിരുന്നു. എന്റെ സഹതാരങ്ങളുടെ ഭാവങ്ങളൊക്കെ ഞാൻ ശ്രദ്ധിക്കും. എനിക്ക് അവരിൽ ഭാവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നുവെങ്കിൽ ഞാൻ വേദിയിൽ ശരിയായ കാര്യമാണു ചെയ്യുന്നത് എന്നാണ് അർഥം. എന്റെ പ്രകടനം അവരെ ഒരുതരത്തിലും ബാധിക്കുന്നില്ലെങ്കിൽ അത് പ്രേക്ഷകരിലും ചലനമുണ്ടാക്കുന്നില്ല എന്നാണ് അർഥം.
(ലേഖിക: ദിപാനിതാ നാഥ്)