scorecardresearch
Latest News

റെറ്റിനോൾ, ഹൈലൂറോണിക് ആസിഡ്; ചർമ്മം തിളങ്ങാൻ സഹായിക്കുന്ന ഏതാനും സൂപ്പർസ്റ്റാറുകളെ പരിചയപ്പെടാം

ചർമ്മസംരക്ഷണത്തിൽ മികച്ച ഫലം തരുന്ന 8 സജീവ ചേരുവകളെ പരിചയപ്പെടാം

റെറ്റിനോൾ, ഹൈലൂറോണിക് ആസിഡ്; ചർമ്മം തിളങ്ങാൻ സഹായിക്കുന്ന ഏതാനും സൂപ്പർസ്റ്റാറുകളെ പരിചയപ്പെടാം

ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് അവയിലെ ചേരുവകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കിയിരിക്കുക പ്രധാനമാണ്. മികച്ചഫലം നൽകുന്ന ഏതാനും സജീവ ചേരുവകളെ പരിചയപ്പെടാം.

ചർമ്മത്തിന് സംരക്ഷണവും പരിപാലനവും സ്വാഭാവിക തിളക്കവും നൽകാൻ സഹായിക്കുന്ന നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പലപ്പോഴും പരസ്യങ്ങൾ വിശ്വസിച്ച്, ഒന്നിനൊന്ന് മെച്ചപ്പെട്ട ഫലങ്ങൾ അവകാശപ്പെടുന്ന ഇവയെല്ലാം കണ്ണുംപൂട്ടിയാണ് പലരും വാങ്ങാറുള്ളത്. എന്നാൽ ചർമ്മസംരക്ഷണത്തിനുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കും മുൻപ് അവയിൽ അടങ്ങിയിരിക്കുന്ന ചേരുവകളും അവയുടെ ഗുണങ്ങളും പാർശ്വഫലങ്ങളുമൊക്കെ കൃത്യമായി മനസ്സിലാക്കിയിരിക്കണം.

ശരിയായ ഉൽപ്പന്നം കണ്ടെത്താൻ ഈ അറിവ് നിർണായകമാണെന്നാണ് ത്വക്‌രോഗവിദഗ്‌ദ്ധയായ ഡോക്ടർ ചൈത്ര പറയുന്നത്. പ്രത്യേകിച്ചും ആക്റ്റീവ് ചേരുവകൾ, അതായത് ഉത്പന്നത്തിന്റെ ലേബലിൽ പരസ്യപ്പെടുത്തിയിട്ടുള്ള ഫലങ്ങൾ നൽകുന്നതിന് സാധാരണയായി രൂപകൽപ്പന ചെയ്തിട്ടുള്ള മൂലകങ്ങൾ. ഈ മൂലകങ്ങൾക്ക് ഫുഡ്‌ ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) അംഗീകാരം ഉണ്ടോയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട് ചൈത്ര കൂട്ടിചേർത്തു.

സാധാരണയായി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ കണ്ടുവരുന്ന കുറച്ച് ആക്റ്റീവ് മൂലകങ്ങളെയും അവയുടെ ഉപയോഗത്തെ കുറിച്ചും സംസാരിക്കുകയാണ് ഡോക്ടർ ചൈത്ര.

ആൽഫ ഹൈഡ്രോക്സി ആസിഡ് (എ എച്ച് എ)- Alpha hydroxy acid (AHA)
വെള്ളത്തിൽ ലയിക്കുന്ന ആസിഡുകളാണിവ. ചർമ്മോപരിതലത്തിൽ നിന്ന് പഴയ കോശങ്ങൾ നീക്കം ചെയ്യാൻ ഇവ സഹായിക്കും. പിഗ്മന്റേഷൻ കുറയ്ക്കുന്ന എഎച്ച്എ വലിയ ചർമസുഷിരങ്ങൾ, ചുളിവുകൾ, മുഖത്തെ നിറവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമാണ്.

ബീറ്റാ ഹൈഡ്രോക്സി ആസിഡുകൾ (ബി എച്ച് എ)- Beta hydroxy acids (BHA)
ഇവ എണ്ണയിൽ ലയിക്കുന്നവയാണ്. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, അമിതമായ ചുളിവുകൾ പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇവ സംരക്ഷണം നൽകും.

വിറ്റമിൻ സി- Vitamin C
ചർമ്മത്തിന്റെ പരുക്കൻ സ്വഭാവവും ചുളിവുകളും അകറ്റി അവയ്ക്കൊരു തിളക്കം നൽകാൻ വിറ്റമിൻ സി സഹായിക്കും.

വിറ്റാമിൻ ഇ- Vitamin E
കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ ഇവ കോശനാശനം തടയുന്ന ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. കൂടാതെ ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിലും ഇവയ്ക്ക് പങ്കുണ്ട്.

സെറാമൈഡ്- Ceramide
നമ്മുടെ ചർമ്മകോശങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന കൊഴുപ്പുകളാണിവ. പുറം തൊലിയുടെ ഏതാണ്ട് 30 മുതൽ 40 ശതമാനം സെറാമൈഡുകളാണ്. ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിൽ സെറാമൈഡുകൾ സഹായിക്കും.

നിയാസിനമൈഡ്- Niacinamide
വിറ്റാമിൻ ബി 3 യുടെ ഒരു രൂപമായ ഇവ ചർമ്മകോശങ്ങൾ നിർമ്മിക്കുന്നതിനും സൂര്യപ്രകാശം, മറ്റ് വിഷവസ്തുക്കൾ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

റെറ്റിനോൾ- Retinol
വിറ്റാമിൻ എയുടെ ഒരു രൂപമാണിത്. പഴയ കോശങ്ങൾ നീക്കം ചെയ്ത് അതുവഴി പുതിയ കോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കൽ, ചർമ്മത്തിലെ സുഷിരങ്ങൾ അടയാതെ സൂക്ഷിക്കൽ തുടങ്ങി പല ഗുണങ്ങളുണ്ടിവയ്ക്ക്. കൂടാതെ, ചർമ്മഘടനയിൽ നിര്‍ണ്ണായകമായ കൊളാജൻ പ്രോട്ടീന്റെ ഉൽപാദനത്തിലും ഇവ സഹായിക്കും. പ്രായാധിക്യ ലക്ഷണങ്ങൾക്ക് തടയിടാനും റെറ്റിനോൾ സഹായിക്കും.

ഹൈലൂറോണിക് ആസിഡ്- Hyaluronic acid
ചർമ്മത്തെ മിനുസപ്പെടുത്തുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്ന ഹൈലൂറോണിക് ആസിഡ് ചർമ്മത്തിലെ ജലാംശം നിലനിർത്തി യുവത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Active ingredients in skincare aha aha retinol niacinamide hyaluronic acid benefits

Best of Express