ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യയിലെ താരം വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനാണ്. പാക്കിസ്ഥാന്റെ പിടിയിലും നെഞ്ച് വിരിച്ചു നിന്ന്, തന്റെ രാജ്യത്തെ ഒറ്റുകൊടുക്കാനാകില്ലെന്ന് പ്രഖ്യാപിച്ച ധീര ജവാനാണ് അഭിനന്ദന്‍. പാക് മണ്ണില്‍ നിന്നും മടങ്ങിയെത്തിയ അഭിനന്ദനെ രാജ്യം വീരോചിതമായാണ് സ്വീകരിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തെ ഒരുപരിധി വരെ കുറക്കുന്നതിലും അഭിനന്ദന് പങ്കുണ്ട്.

അഭിനന്ദനോടുള്ള ആദരവും തങ്ങളുടെ മീശയിലൂടെ അറിയിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ഇന്ത്യാക്കാര്‍. സിങ്കം സിനിമയിലെ സൂര്യയെ പോലെയുള്ള കൊമ്പന്‍ മീശ ഇന്ത്യയിലിന്ന് സൂപ്പര്‍ ഹിറ്റാണ്. തങ്ങളുടെ മീശ അഭിനന്ദനെ പോലെയാക്കാന്‍ കസ്റ്റമേഴ്‌സിന്റെ തിരക്കാണെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സലൂണ്‍ ഉടമകള്‍ പറയുന്നു.

”അഭിനന്ദന്‍ നമ്മുടെ റിയല്‍ ഹീറോയാണ്. അതുകൊണ്ടാണ് ഈ സ്‌റ്റൈല്‍ അവതരിപ്പിച്ചത്. നേരത്തെ സിനിമാ-സ്‌പോര്‍ട്‌സ് താരങ്ങളുടെ സ്‌റ്റൈലായിരുന്നു ചെയ്തു കൊടുത്തിരുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത് അഭിനന്ദന്‍ സ്‌റ്റൈല്‍ മീശയാണ്” ബെംഗളൂരുവിലെ ഔട്ട്‌ലുക്ക് സലൂണിന്റെ ഉടമയായ ചന്ദ് മുഹമ്മദ് പറയുന്നു.

ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ മുഖമായി മാറിയ അഭിനന്ദന്‍ മിലിട്ടറി ഹോസ്പിറ്റലില്‍ വൈദ്യ പരിശോധിക്ക് വിധേയനായി കൊണ്ടിരിക്കുകയാണ്. ഐഎഎഫ് ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ തന്റെ താല്‍പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

എത്രയും പെട്ടെന്നു തന്നെ തിരികെ എത്തി വിമാനം പറത്തണമെന്നാണ് ആഗ്രഹമെന്ന് ഡോക്ടര്‍മാരോടും അഭിനന്ദന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് അഭിനന്ദനെ രാജ്യം ്‌സ്വീകരിച്ചത്.

പാക്കിസ്ഥാനില്‍ നേരിടേണ്ടി വന്ന പീഡനത്തിലും അഭിനന്ദന്റെ മനോധൈര്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വാഗ അതിര്‍ത്തിയില്‍ വച്ചായിരുന്നു പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. അവിടെ നിന്നും രാത്രി പതിനൊന്നരക്ക് ശേഷമാണ് അദ്ദേഹത്തെ രാജ്യ തലസ്ഥാനത്ത് എത്തിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ