കോവിഡ് ലോക്ക്ഡൗൺകാലത്ത് കൊറോണ പ്രതിരോധ- സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെ കഥകൾ നമ്മൾ ദിനംപ്രതി വായിച്ചുകൊണ്ടിരിക്കുകയാണ്. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട കോവിഡ് എന്ന ശത്രുവിനെ അശ്രദ്ധ കൊണ്ട് വളർത്തി വലുതാക്കുന്നവരെ എല്ലാ രാജ്യത്തും കണ്ടെത്താം. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയാണ് ഇറ്റലിയിലെ നോർത്തോസ് എന്ന കുഗ്രാമത്തിനു പറയാനുള്ളത്.
ആളൊഴിഞ്ഞ ഈ ഗ്രാമത്തിൽ രണ്ടേ രണ്ടു താമസക്കാരാണ് ഉള്ളത്; ജൊവാനി കരീലിയും ജാമ്പിയറോ നോബിലിയും. ആൾക്കൂട്ടമോ ബഹളമോ ഇല്ലാത്ത, അയൽക്കാർ പോലുമില്ലാത്ത ഗ്രാമത്തിൽ ആണെങ്കിലും എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മാതൃകയാവുകയാണ് ഇവർ.
Read in English: A town in Italy has only two residents, but they are following all COVID-19 safety protocols
ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരാണ് ജൊവാനി കരീലിയും ജാമ്പിയറോ നോബിലിയും. ഉമ്പ്രിയയിലെ പെറുഗിയ പ്രവിശ്യയിലാണ് നോർത്തോസ് എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് പ്രവേശിക്കുന്നതും ഇവിടെ നിന്ന് പുറത്ത് കടക്കുന്നതും അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.
നോർത്തോസിൽ ഒറ്റപ്പെട്ടു ജീവിക്കുമ്പോഴും ആരോഗ്യം അപകടത്തിലാക്കാൻ ഇരുവരും ഇല്ല. സ്വയം സുരക്ഷിതരായിരിക്കാനായി ഇരുവരും മാസ്കുകൾ ധരിക്കുന്നു. “എനിക്ക് അസുഖം വന്നാൽ, ആരാണ് എന്നെ പരിപാലിക്കുക? എനിക്ക് പ്രായമായി, പക്ഷേ എനിക്ക് എന്റെ ആടുകളെയും, മുന്തിരിത്തോട്ടത്തെയും തേനീച്ചകളെയും ഫലോദ്യാനത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഞാനെന്റെ ജീവിതം ആസ്വദിക്കുകയാണ്,” 82 വയസുകാരനായ ജൊവാവി കരീലി സിഎൻഎന്നിനോട് പറഞ്ഞു.
ഇറ്റലിയിൽ പൊതു ഇടങ്ങളിൽ (പുറത്താണെങ്കിലും കെട്ടിടത്തിന് അകത്താണെങ്കിലും) മാസ്കുകൾ നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കാൻ ഇറ്റാലിയൻ സർക്കാർ പൊതുജനങ്ങൾക്ക് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കാനോ മുഖം മൂടാനോ വിസമ്മതിക്കുന്നവർക്ക് ഫൈൻ ചുമത്താൻ പൊലീസും നിതാന്ത ജാഗ്രതയോടെ രംഗത്തുണ്ട്.
സുരക്ഷാ നടപടികൾ അവഗണിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നത് സർക്കാരിനോടുള്ള അവഹേളനമായാണ് താൻ കാണുന്നതെന്നാണ് 74 വയസുകാരനായ ജാമ്പിയറോ നോബിലി പറയുന്നത്. “ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് മാത്രമല്ല മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും. അത് നല്ലതോ ചീത്തയോ എന്നതുമല്ല കാര്യം, നിയമങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കും മറ്റുള്ളവർക്കുമായി അത് പാലിക്കുക എന്നത് ഉത്തരവാദിത്വമാണ്. ഇതൊരു ധാർമിക ഉത്തരവാദിത്വം കൂടിയാണ്,” നോബിലി പറഞ്ഞു.
അസാധാരണമായ സാഹചര്യത്തിലും സുരക്ഷാമാനദണ്ഡങ്ങൾ അണുകിട തെറ്റാതെ പാലിക്കുന്ന കരീലിയും നോബിലിയും കോവിഡ് കാലത്ത് നൽകുന്ന സന്ദേശം ചെറുതല്ല. ഈ മഹാമാരിയുടെ കാലത്ത് ലോകത്തോടും നമ്മോട് തന്നെയും ചെയ്യാവുന്ന ഏറ്റവും മഹത്തരമായകാര്യമാണ് മാസ്ക് ധരിക്കലും നിയമങ്ങൾ പാലിക്കലുമെന്നും ഇവർ ജീവിതം കൊണ്ട് പറഞ്ഞുവെയ്ക്കുന്നു.
Read more: കൊറോണക്കാലത്തെ ഇറ്റലി ജീവിതം