കൊച്ചി: ഉറങ്ങും സുന്ദരി എന്ന് അറിയപ്പെടുന്ന ദശലക്ഷം പേരില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രം കാണുന്ന ക്ലെയിന്‍ ലെവിന്‍ സിന്‍ഡ്രോം നാലര വയസുകാരിയില്‍ കണ്ടെത്തി. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ച കാലടി കാഞ്ഞൂര്‍ സ്വദേശികളായ ദമ്പതികളുടെ മകളിലാണ് രോഗം കണ്ടെത്തിയത്.

സ്ലീപ്പിംഗ് ബ്യൂട്ടി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ പ്രത്യേക രോഗാവസ്ഥ കണ്ടെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്. നൂറ് വര്‍ഷത്തോളം ഉറക്കത്തിലാവുന്ന സുന്ദരിയായ രാജകുമാരിയുടെ കഥയില്‍ നിന്നാണ് രോഗത്തിന് പേര് വന്നത്.

കൃത്രിമ അണ്ഡബീജത്തിലൂടെ ജനിച്ച കുട്ടിക്ക് കഴിഞ്ഞ ഒക്ടോബറിലാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. നിരവധി തവണ അബോധാവസ്ഥയിലായ കുട്ടിക്ക് ചുഴലി രോഗമാണെന്നാണ് ആദ്യഘട്ടങ്ങളില്‍ കരുതിയിരുന്നത്.

വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗാവസ്ഥ മനസിലാകാതെ വന്നപ്പോഴാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചതെന്ന് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അക്ബര്‍ മുഹമ്മദ് ചേട്ടാലി പറഞ്ഞു. അഞ്ച് ദിവസത്തോളം യാതൊരു പ്രതികരണവും ഇല്ലാതെ ഉറക്കത്തിലായിരുന്ന കുട്ടിക്ക് മറ്റ് രോഗങ്ങളില്ലെന്നും മനസിലായി. പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് കുട്ടിക്ക് ക്ലെയിന്‍ ലെവിന്‍ സിന്‍ഡ്രമാണെന്ന് തിരിച്ചറിഞ്ഞത്.

ഉറക്കത്തിന് മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിന് ശേഷം അഞ്ചു ദിവസം വരെയാണ് കുട്ടി ഗാഢനിദ്രയിലാകുന്നത്. കുട്ടിയുടെ മുത്തശ്ശിയ്ക്ക് സമാനമായ രോഗം ഉണ്ടായിരുന്നതായാണ് വിവരം. കുട്ടി ഇപ്പോള്‍ മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ