‘സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. മകളുടെ ജീവൻ തിരിച്ചുതന്ന ഷാബാസിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ ജീവിതത്തി​ന്റെ ഭാഗമാണ് ഷാബാസ്. പ്രാർഥനകളിൽ എന്നും അദ്ദേഹം കാണും”- വികാരനിർഭര അന്തരീക്ഷത്തിൽ ഹൈദരാബാദ് സ്വദേശി കിരൺ, ഷാബാസി​ന്റെ കരങ്ങൾ നെഞ്ചോടുചേർത്ത് പറഞ്ഞു.

അപൂർവ രോഗത്തിൽ നിന്ന് മകൾ മാനസ്വിയെ ജീവതത്തിലേക്ക് കൈപിടിച്ചുയർത്തിയ രക്ഷകനെ കണ്ടെത്തിയ സന്തോഷത്തിലാണ് കിരൺ. തലാസീമിയ ബാധിച്ച ഹൈദ്രാബാദുകാരിയായ മാനസ്വിക്ക് രക്ത മൂല കോശം ദാനം ചെയ്തത് കൊച്ചിയിൽ നിന്നുള്ള യുവ എൻജിനീയർ ഷബാസ് ആയിരുന്നു. രക്ത മൂലകോശ ദാനത്തിലൂടെ ജീവിത സമ്മാനിക്കൂ എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന ധാത്രി എന്ന സംഘടയാണ് അപൂർവ കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയത്.


കടപ്പാട്:മീഡിയാ വൺ

‘മറ്റൊരാൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്തിയെന്നറിഞ്ഞപ്പോൾ സന്തോഷമായി. എ​ന്റെ ഭാഗത്തുനിന്നുള്ള ചെറിയ പരിശ്രമം മൂലം നല്ലൊരു ജീവിതം നയിക്കുന്ന മാനസിയെ കണ്ടത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണ്”-ഷാബാസ് പറഞ്ഞു. നിയമപ്രകാരം ദാതാവി​ന്റെയും സ്വീകർത്താവി​ന്റെയും വിവരം ഒരു വർഷത്തിനുശേഷമാണ് പുറത്തുവിടുക. തുടർന്ന്, ദാതാവും സ്വീകർത്താവും പരസ്പരം കണ്ടുമുട്ടണമെന്ന ആവശ്യം അറിയിക്കുകയായിരുന്നു. മാനസി പൂർണമായി സുഖപ്പെട്ട വിവരം ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് രണ്ടുപേരുടെയും കുടുംബാംഗളുടെയും കൂടിക്കാഴ്ച കൊച്ചിയിൽ നടന്നത്.

ദാതാക്കളുടെ അഭാവമാണ് പല മാരക അസുഖമുള്ള രോഗികള്‍ക്കും രക്തമൂലകോശം മാറ്റിവെക്കാന്‍ തടസമാകുന്നത്. കേരളത്തില്‍ നിന്നും 50,000ത്തോളം പേര്‍ മാത്രമാണ് ദാതാക്കളായി രജിസ്‌റര്‍ ചെയ്തിട്ടുള്ളത്. ആയിരത്തിലൊന്നു മുതല്‍ പതിനായിരത്തിലൊന്നു വരെ മാത്രമാണ് ജനിതക സാമ്യമുള്ള രക്തമൂലകോശങ്ങള്‍ ലഭിക്കാനുള്ള സാധ്യത. 18നും 50നുമിടയില്‍ പ്രായമുള്ള ആര്‍ക്കും രക്തമൂലകോശദാതാവായി ദാത്രിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ