പ്രതീക്ഷിച്ചതിലും നേരത്തെ മുടി നരയ്ക്കാൻ തുടങ്ങുന്ന അവസ്ഥയാണ് അകാല നര. നര മറയ്ക്കാനായി ഡൈ, ഹെന്ന എന്നിവ ഉപയോഗിക്കുന്നവർ ഇപ്പോൾ ധാരാളമാണ്. എന്നാൽ ചില കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിച്ചാൽ അകാലനരയെ തടയാൻ സാധിക്കും. അകാലനരയ്ക്കുള്ള കാരണങ്ങൾ പലതാകാം, അടിസ്ഥാന ആരോഗ്യാവസ്ഥ മുതൽ പോഷകങ്ങളുടെയും മറ്റും ചില പോരായ്മകളും ഇതിനു കാരണമാകാം.
സമീകൃതാഹാരം കഴിക്കുന്നത് അകാല നരയെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. “നിങ്ങളുടെ ഭക്ഷണത്തിൽ ചില മൈക്രോ ന്യൂട്രിയന്റുകൾ ഉൾപ്പെടുത്തിയാൽ നരച്ച മുടിയെന്ന പ്രശ്നത്തെ അതിജീവിക്കാനാവും”, ഡയറ്റീഷ്യനായ മൻപ്രീത് കൽറ പറയുന്നു.
“ഫോലേറ്റ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, അയൺ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ സഹായിക്കും,” അകാല നര കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് മൈക്രോ ന്യൂട്രിയന്റുകളെക്കുറിച്ച് മൻപ്രീത് പറയുന്നു.
വിറ്റാമിൻ ഡി: ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അത് മുടിയുടെ വളർച്ചാ ചക്രം നിയന്ത്രിക്കുന്നു, തലയോട്ടിയിലെ വീക്കം കുറയ്ക്കുന്നു, അങ്ങനെ അകാലനര തടുക്കുന്നു. ഇതിനായി, എല്ലാ ദിവസവും രാവിലെ 9 മുതൽ 11 വരെയുള്ള സമയത്തിനിടയിൽ 10-15 മിനിറ്റ് സൂര്യപ്രകാശം ഏൽക്കണം.
പുതിയതും പഴയതുമായ രോമകൂപങ്ങൾ ബലപ്പെടുന്നതിന് വിറ്റാമിൻ ഡി സഹായിക്കുന്നു. അതിനാലാണ് മുടി നരയ്ക്കുന്നത് തടയാൻ ഇത് അത്യന്താപേക്ഷിതമാകുന്നത്. വിറ്റാമിൻ ഡിയുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയായ അലപ്പീഷീയ അരിയറ്റയ്ക്ക് കാരണമാകാം. “മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങളുടെ വിറ്റാമിൻ ഡിയുടെ അളവ് സാധാരണയേക്കാൾ കുറവാണെങ്കിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കുക,” ന്യൂട്രീഷൻ കോച്ചും ടാൻ|365 ഹെൽത്ത് & വെൽനസ് സ്റ്റുഡിയോയുടെ സ്ഥാപകയുമായ തനിഷ ബാവ ഇന്ത്യൻ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
കൂടാതെ, ജേണൽ ഓഫ് കൊറിയൻ മെഡിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അയണിന്റെ കുറവ് മുടികൊഴിച്ചിൽ മാത്രമല്ല, സ്ത്രീകളിലും പുരുഷന്മാരിലും സമാനമായ പാറ്റേണിൽ മുടികൊഴിഞ്ഞ് കഷണ്ടിയാകാനുള്ള സാധ്യത ഉണ്ടാകുന്നതായും കണ്ടെത്തി.
ഫോലേറ്റ്: ഡിഎൻഎ സിന്തസിസിനും കോശവിഭജനത്തിനും ഇത് അത്യന്താപേക്ഷിതമാണ്, ഇവ മുടി ആരോഗ്യകരമായി വളരുന്നതിനെ പിന്തുണയ്ക്കുന്നു. “ഫോലേറ്റിന്റെ ഘടനയിൽ മെഥിയോണിൻ എന്ന സുപ്രധാന അമിനോ ആസിഡ് ഉൾപ്പെടുന്നു. ഇത് മുടിയുടെ നിറത്തിന് അത്യാവശ്യമാണ് ,” തനിഷ ഇന്ത്യൻ എക്സ്‌പ്രസ്സനോട് പറഞ്ഞു. കടല, സൂര്യകാന്തി വിത്തുകൾ , ബ്രോക്കോളി എന്നിവയിലെല്ലാം ധാരാളമായി ഫോലേറ്റ് അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ബി 12: മുടിയിഴകളിലേക്ക് ഓക്സിജൻ എത്തിച്ച് തലയോട്ടിയെ പരിപോഷിപ്പിക്കുന്ന ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കുന്നു. പാൽ, തൈര്, ചീസ് എന്നിവയെല്ലാം വിറ്റാമിൻ ബി 12 കൊണ്ട് സമ്പുഷ്ടമാണ്. രോമകൂപങ്ങൾ ഉൾപ്പെടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന ജനിതക പദാർത്ഥമായ ഡിഎൻഎ നിർമ്മിക്കുന്നതിന് വിറ്റാമിൻ ബി 12 അത്യാവശ്യമായതിനാൽ, ഇതിന്റെ കുറവ് മുടിയുടെ പോഷകക്കുറവിനും അകാല നരയ്ക്കും കാരണമാകും .
സെലിനിയം: സെലിനിയം ആന്റിഓക്‌സിഡന്റുകൾ ഉത്പാദിപ്പിക്കുന്നു, ഇത് രോമകൂപങ്ങളെ കേടുപാടുകളിൽനിന്നും അകാല നരയിൽനിന്നും സംരക്ഷിക്കുന്നു. സൂര്യകാന്തി വിത്തുകൾ, ബ്രസിൽ നട്സ് എന്നിവയിൽ സെലിനിയം അടങ്ങിയിട്ടുണ്ട്.
അയൺ: ഇത് തലയോട്ടിയിലെ ഓക്സിജന്റെ വിതരണം മെച്ചപ്പെടുത്തുകയും മുടിയിൽ മെലാനിൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉണക്ക മുന്തിരി , ഈന്തപ്പഴം, പച്ച ഇലക്കറികൾ എന്നിവയിൽ അയണിന്റെ അളവ് കൂടുതലാണ്.
തനിഷയുടെ അഭിപ്രായത്തിൽ മുടിയിലെ അകാലനര ഒഴിവാക്കാനായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താനാവും.
- മുടി നരയ്ക്കുന്നതിൽ സമ്മർദ്ദത്തിനും വലിയ പങ്കുണ്ട്. രോമകൂപങ്ങളിലെ സ്റ്റെം സെല്ലുകളാണ് മെലനോസൈറ്റുകൾ, നിങ്ങൾ സമ്മർദ്ദത്തിലാകുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കാം. ഇത് ദ്രുതഗതിയിലുള്ള പിഗ്മെന്റേഷനിലേക്കും നയിച്ചേക്കാം.
- ഉറക്കക്കുറവ് നിങ്ങളുടെ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും സ്റ്റെം സെല്ലുകളെ നശിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇത് മുടി നരയ്ക്കുന്നതിനുള്ള കാരണമാവാറുണ്ട്.
- നമ്മളിൽ മിക്കവരും ഫ്രണ്ട് ലേബലിന്റെയോ ബ്രാൻഡിന്റെയോ അടിസ്ഥാനത്തിൽ മുടിയ്ക്കുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സൾഫേറ്റ്, പാരബെൻ രഹിത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.