ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെ മറക്കാനാവാത്ത ഒന്നാണ് വിവാഹദിനം. അതൊരു സിനിമാ താരമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ബോളിവുഡിൽ കോടികൾ മുടക്കിയുളളതാണ് താരങ്ങളുടെ വിവാഹം. വിവാഹദിവസം വില കൂടിയ വസ്ത്രം ധരിച്ച ഒൻപതു ബോളിവുഡ് സുന്ദരികളെക്കുറിച്ചാണ് ഇനി പറയുന്നത്. ഇവരിൽതന്നെ ശിൽപ ഷെട്ടിയാണ് മുന്നിൽ. 50 ലക്ഷം രൂപയുടെ വസ്ത്രമാണ് ശിൽപ വിവാഹ ദിവസം അണിഞ്ഞത്.

ഐശ്വര്യ റായ് ബച്ചൻ

2007 ലായിരുന്നു അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് വിവാഹം. നീത ലുല്ല ഡിസൈൻ ചെയ്ത മഞ്ഞയും ഗോൾഡനും ചേർന്നുളള കാഞ്ചീപുരം സാരിയാണ് ഐശ്വര്യ വിവാഹദിവസം ധരിച്ചത്. ഈ സാരിയുടെ യഥാർഥ വില എന്താണന്ന് ഇപ്പോഴും അറിവില്ല. പക്ഷേ 2,75,000 നും 3,50,000 നും ഇടയിലാണ് ഇതിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ.

ശിൽപ ഷെട്ടി

2009 ലാണ് ബിസിനസുകാരനായ രാജ് കുന്ദ്രയെ ശിൽ ഷെട്ടി വിവാഹം ചെയ്യുന്നത്. ബി ടൗൺ വലിയൊരു സംസാരവിഷയമായിരുന്നു ശിൽപയുടെ വിവാഹം. ബോളിവുഡ് താരങ്ങളിൽ ആർക്കും മറക്കാനാവാത്ത വിവാഹം കൂടിയായിരുന്നു അത്. 50 ലക്ഷം വിലയുളള ചുവന്ന സാരിയായിരുന്നു ശിൽപ ധരിച്ചത്. മാത്രമല്ല വജ്രങ്ങളും മറ്റു ആഭരണങ്ങളും ശിൽപയെ പൊതിഞ്ഞിരുന്നു.

ജനീലിയ ഡിസൂസ

ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് ജനീലിയ തന്റെ കാമുകൻ റിതേഷ് ദേശ്മുഖിനെ 2012 ൽ വിവാഹം കഴിച്ചത്. മഹാരാഷ്ട്ര സ്റ്റൈലിലായിരുന്നു വിവാഹം. നീതു ലുല്ല ഡിസൈൻ ചെയ്ത റെഡ് ആൻഡ് ഗോൾഡ് ബ്രൈഡൽ സാരിയാണ് ജനീലിയ ധരിച്ചത്. ഒപ്പം മഹാരാഷ്ട്രയുടെ തനത് പാരമ്പര്യത്തിലുളള ജുവലറികളും. 17 ലക്ഷം രൂപയാണ് ജനീലിയയുടെ വസ്ത്രത്തിന്റെ വില എന്നാണ് അഭ്യൂഹങ്ങൾ.

ഇഷ ഡിയോൾ

ബിസിനസുകാരനായ ഭരത് തക്‌താനിയെയാണ് ഇഷ ഡിയോൾ വിവാഹം ചെയ്തത്. നീതു ലുല്ല ഡിസൈൻ ചെയ്ത ചുവന്ന നിറത്തിലുളള കാഞ്ചീപുരം സാരിയായിരുന്നു ഇഷയുടെ വിവാഹ വസ്ത്രം. 3 ലക്ഷത്തിനു മുകളിലായിരുന്നു ഇതിന്റെ വില.

കരീന കപൂർ

സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും വിവാഹം രാജകീയ രീതിയിലായിരുന്നു. അഞ്ചു ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങളിൽ രാജകീയ കുടുംബാംഗങ്ങളും രാഷ്ട്രീയ നേതാക്കളും സിനിമാ മേഖലയിൽനിന്നുളള പ്രശസ്തരും പങ്കെടുത്തു. വിവാഹദിവസം തന്റെ അമ്മായിയമ്മ ശർമിള ടാഗോർ നൽകിയ വസ്ത്രമാണ് കരീന ധരിച്ചത്. റിസപ്ഷന് മെറൂൺ നിറത്തിലുളള ലഹങ്കയായിരുന്നു കരീനയുടെ വേഷം. ബോളിവുഡിലെ താരറാണി വിവാഹദിനത്തിലെ വസ്ത്രത്തിനു ലക്ഷങ്ങൾ ചെലവിട്ടു കാണുമെന്ന് പറയേണ്ടതില്ലല്ലോ.

ഡിയ മിർസ

2014 ൽ സാഹിൽ സംഘയെയാണ് ഡിയ മിർസ വിവാഹം ചെയ്യുന്നത്. പാരമ്പര്യ രീതിയിലുളള ലഹങ്കയായിരുന്നു ഡിയ വിവാഹദിവസം ധരിച്ചത്. ഒപ്പം വളരെ കുറച്ച് ആഭരണങ്ങളും.

മലൈക അറോറ ഖാൻ

ക്രിസ്ത്യൻ ചടങ്ങുകളോടെയായിരുന്നു മലൈക അറോറയുടെയും അർബാസ് ഖാന്റെയും വിവാഹം. വെളള നിറത്തിലുളള ഗൗൺ അണിഞ്ഞെത്തിയ മലൈക വളരെ സുന്ദരിയായിരുന്നു. മലൈകയുടെ ഗൗണിന്റെ വില സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. കൃത്യമായ വില പുറത്തുവന്നിട്ടില്ലെങ്കും ലക്ഷങ്ങൾ വില വരുന്ന വസ്ത്രമാണ് മലൈക ധരിച്ചതെന്ന് വ്യക്തം.

ബിപാഷ ബസു

2016 ലാണ് കരൺ സിങ് ഗ്രോവറിനെ ബിപാഷ ബസു വിവാഹം ചെയ്യുന്നത്. ബംഗാളി രീതിയിലായിരുന്നു ചടങ്ങുകൾ. നിറയെ മുത്തുകൾ പതിപ്പിച്ച ചുവന്ന നിറത്തിലുളള ലെഹങ്കയായിരുന്നു ബിപാഷ വിവാഹ ദിവസം ധരിച്ചത്. ലക്ഷങ്ങൾ വില വരുന്നതായിരുന്നു ബിപാഷയുടെ വസ്ത്രം.

ഊർമിള മണ്ടോക്കർ

2016 ലായിരുന്നു ഊർമിളയുടെ വിവാഹം. കശ്മീരി സ്വദേശിയായ മോഹ്സിൻ അക്തർ ആയിരുന്നു വരൻ. ചുവന്ന നിറത്തിലുളള ലെഹങ്കയായിരുന്നു ഊർമിള വിവാഹ ദിവസം ധരിച്ചത്. ഒപ്പം അതിനു ചേരുന്ന ആഭരണങ്ങളും. ഊർമിളയുടെ വിവാഹവസ്ത്രത്തിനും ലക്ഷങ്ങൾ വിലയുളളതാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ