72 Independence Day: 1947 ഓഗസ്റ്റ് 15നാണ് സ്വതന്ത്ര ഇന്ത്യ ജനിക്കുന്നത്. അന്ന് മുതല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഈ ദിവസം വളരെ പ്രധാനപ്പെട്ടതായിത്തീര്‍ന്നു. സാധാരണക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ച് രാജ്യം കടന്നു പോയ കഠിനവഴികളെക്കുറിച്ചോര്ക്കാനും, വെല്ലുവിളികളെ താണ്ടി ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ഉദിച്ചുയര്‍ന്നത് ആഘോഷിക്കാനുമുള്ള ഒരവസരമാണ് ഈ ദിവസം.
ഈ പ്രത്യേക ദിവസത്തില്‍ രാജ്യത്തിനൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിലരുണ്ട്. ‘മിഡ്നൈറ്റ്സ് ചില്ട്രന്’ എന്ന സല്മാന് റഷ്ടീയുടെ നോവലിലെ സലിം സിനായ് എന്ന 1947 ഓഗസ്റ്റ് 15ന് അര്‍ദ്ധരാത്രിയില്‍ ജനിച്ച കുട്ടിയെപ്പോലെ, രാജ്യത്തിനൊപ്പം ജനിച്ചവരാണ് ബോളിവുഡ് താരം രാഖീ ഗുല്‍സാര്‍. ഇത് കൂടാതെയുമുണ്ട്, ഓഗസ്റ്റ് 15 പിറന്നാളുകാര്‍ – അരബിന്ദോ മുതല്‍ ഉസ്താദ് അമീര്‍ ഖാന് വരെ, സുഹാസിനി മുതല്‍ ബീനമോള്‍ വരെ.

അരബിന്ദോ
കവിയും, പണ്ഡിതനും, ദേശീയവാദിയും, യോഗിയുമായ അരബിന്ദോ 1872 ഓഗസ്റ്റ് 15ന് കൊല്‍ക്കത്തയിലാണ് ജനിച്ചത്.
നിരുപാധികമായ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രകടമായി നിലകൊണ്ട ആദ്യ രാഷ്ട്രീയ പ്രവര്ത്തകന് എന്ന വിശേഷണം ഏറെ യോജിക്കുന്ന വ്യക്തിത്വമായിരുന്നു അരബിന്ദോ. വിദേശവസ്തു ബഹിഷ്ക്കരണം, സ്വദേശവസ്തു ഉപയോഗം, സഹനസമരവും നിസ്സഹകരണവും ദേശീയ വിദ്യാഭ്യാസത്തിന് കൊടുക്കേണ്ട പ്രഥമസ്ഥാനം, നിയമപരമായ തര്‍ക്കങ്ങള്‍ കോടതിയില്‍ പോകാതെ ജനകീയ കോടതിയില്‍ വച്ച് പരിഹാരം കാണല്‍ എന്നീ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ അക്ഷരങ്ങളായി.
പിന്നീട് സ്വാതന്ത്ര്യ സമരത്തില്‍ നിന്നു വിട്ടു നിന്ന് ആത്മീയതയില്‍ മുഴുകി അദ്ദേഹം തന്റെ ശിഷ്ട ജീവിതം ചെലവഴിച്ചു.

സുഹാസിനി മണിരത്നം
ദക്ഷിണേന്ത്യന്‍ സിനിമാ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട നടി സുഹാസിനിയും ഓഗസ്റ്റ് 15നാണ് ജനിച്ചത്. 1961ലായിരുന്നു സുഹാസിനിയുടെ ജനനം. തമിഴിലെ പ്രമുഖ നടനായിരുന്ന ചാരുഹാസന്റെ മകള്‍.
നടി മാത്രമല്ല, ഛായാഗ്രാഹക, സംവിധായിക, തിരക്കഥാകൃത്ത് എന്നീ രംഗങ്ങളിലും സുഹാസിനി കഴിവു തെളിയിച്ചിട്ടുണ്ട്.
1983ല്‍ പത്മരാജന് സംവിധാനം ചെയ്ത ‘കൂടെവിടെ’ ആണ് സുഹാസിനിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 1986ല്‍ ‘സിന്ധു ഭൈരവി’ എന്ന തമിഴ് ചിത്രത്തിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
‘ഇന്ദിര’ എന്ന ചലച്ചിത്രവും നിരവധി ഹ്രസ്വ ചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തിട്ടുള്ള സുഹാസിനിയുടെ ഭര്‍ത്താവ് പ്രശസ്ത സംവിധായകന് മണിരത്നമാണ്.

ഇസ്മത് ചുഗ്തായ്
പ്രശസ്തയായ ഉറുദു സാഹിത്യകാരിയാണ് ഇസ്മത് ചുഗ്തായ്. 1915 ഓഗസ്റ്റ് 15ന് ബദായുനിലെ ഒരു മധ്യവര്‍ഗ്ഗ മുസ്ലിം കുടുംബത്തിലാണ് ഇസ്മത്തിന്റെ ജനനം.
യാഥാസ്ഥിതിക വിഷയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ പ്രമേയങ്ങളാണ് ഇസ്മത് ചുഗ്തായുടെ രചനകള്‍ക്ക് വിഷയങ്ങളായത്. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ആദ്യത്തെ ചെറുകഥ ‘ഫസാദി’ പ്രസിദ്ധീകരിച്ചു. 1942-ലാണ് ഏറെ വിവാദാസ്പദമായ ‘ലിഹാഫ്’ പ്രസിദ്ധീകരിക്കപ്പെട്ടത്. കഥ അശ്ലീലമാണെന്നു മുദ്ര കുത്തപ്പെട്ടു. ചുഗ്തായിക്ക് കോടതി കയറേണ്ടി വന്നു. പക്ഷേ കോടതി അവരെ വെറുതെ വിട്ടു.

അര്ജുന്
നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അര്ജുന്. ആക്ഷന്‍ കിങ് എന്ന് മാധ്യമങ്ങളും ആരാധകരും സ്നേഹത്തോടെ വിളിക്കുന്ന താരം 1964 ഓഗസ്റ്റ് 15ന് മൈസൂരിലെ മധുഗിരിയിലാണ് ജനിച്ചത്.
തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ മുഖ്യധാരാ നടനായിരുന്ന അര്ജുന് ‘വന്ദേമാതരം’ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ‘മുതല്വന്’, ‘റിതം’, ‘സൂര്യവംശം’ തുടങ്ങിയവയെല്ലാം അര്‍ജുനന്റെ ചിത്രങ്ങളാണ്.

രാഖീ ഗുല്‍സാര്‍
ബോളിവുഡ് നടിയായ രാഖി ഗുല്‍സാറിന്റെ ജനനം 1947 ഓഗസ്റ്റ് 15നായിരുന്നു. അതായത് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ ദിവസം. കൊല്‍ക്കത്തയിലെ ഒരു ബംഗാളി കുടുംബത്തില്‍ ജനിച്ച രാഖീ ഗുല്‍സാര്‍ തന്റെ 20-ാം വയസിലാണ് അഭിനയ രംഗത്തേക്കു വരുന്നത്.
ബംഗാളി ചിത്രമായ ‘ബധു ബരന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു രാഖിയുടെ തുടക്കം. പിന്നീട് ധര്‍മേന്ദ്രയ്ക്കൊപ്പം 1970ല്‍’ജീവന് മൃത്യു എന്ന ചിത്രത്തില്‍ അഭിനയിച്ചു. ശശി കപൂറിനൊപ്പം 10 ചിത്രങ്ങളില്‍ രാഖി ഗുല്‍സാര്‍ വേഷമിട്ടിട്ടുണ്ട്.

അദ്നാന് സാമി
1971 ഓഗസ്റ്റ് 15ന് ലണ്ടനിലാണ് ഗായകനും, സംഗീത സംവിധായകനുമായ അദ്നാന് സാമിയുടെ ജനനം. പിതാവ് പഷ്ടുന് സ്വദേശിയും മാതാവ് ജമ്മു സ്വദേശിയുമാണ്. സന്തൂര്‍ എന്ന സംഗീതോപകരം വഴി ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം അവതരിപ്പിച്ച ലോകത്തിലെ തന്നെ ആദ്യ സംഗീതജ്ഞനാണ് അദ്നാന് സാമി.
കനേഡിയന്‍ പൗരത്വമുള്ള സാമി മുംബൈയിലാണ് ഇപ്പോള്‍ താമസം. ഏഷ്യനും പാശ്ചാത്യനും സംയോജിപ്പിച്ചുകൊണ്ടുള്ള സംഗീത ശൈലിയാണ് അദ്നാന് സമിയുടെ പ്രത്യേകത.

കെ.എം.ബീന മോള്
പി.ടി.ഉഷക്കും ഷൈനി വില്‍സണും ശേഷം ഒളിമ്പിക്സില്‍ സെമി ഫൈനലില്‍ എത്തിയ ഇന്ത്യന്‍ അത്ലറ്റ് ആണ് ബീനമോള്‍. 1975 ഓഗസ്റ്റ് 15ന് ഇടുക്കി ജില്ലയിലാണ് ബീനമോളുടെ ജനനം.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദേശീയ സ്കൂള്‍ മീറ്റില്‍ സ്വര്‍ണം നേടി കായിക വിദഗ്ധരുടെ ശ്രദ്ധയാകര്‍ഷിച്ചു. ബീനാമോളുടെ കായികജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം 2002 ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു. രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമാണ് ബീനമോള്‍ നേടിയത്. ഇഷ്ട ഇനമായ 400 മീറ്ററില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയ ബീനമോള്‍ 4ഃx400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 2000ലെ സിഡ്നി ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തിന്റെ സെമിയില്‍ കടന്ന ബീനാമോള്‍, 2004-ല്‍ ഏതന്‍സ് ഒളിമ്പിക്സിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞു.

ഉസ്താദ് ആമിര്‍ ഖാന്
ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതികളിലൊരാളാണ് ഉസ്താദ് ആമിര്‍ ഖാന്. ഇന്‍ഡോര്‍ ഘരാനയുടെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. 1912 ഓഗസ്റ്റ് 15ന് ഇന്‍ഡോറിലായിരുന്നു ജനനം. അദ്ദേഹത്തിന്റെ പിതാവ് ഷമീര്‍ ഖാന് സാരംഗി, വീണാ വാദകനായിരുന്നു.
പിതാവില്‍ നിന്നായിരുന്നു ഉസ്താദ് ആമിര്‍ ഖാന്റെ സാരംഗി പഠനത്തിന്റെ തുടക്കം. എന്നാല്‍ പാടാനുള്ള ആമിറിന്റെ താത്പര്യവും കഴിവും മനസിലാക്കിയ പിതാവ് പിന്നീട് അദ്ദേഹത്തെ അത്തരത്തില്‍ പരിശീലിപ്പിക്കുകയായിരുന്നു. തബലയിലും ആമിര്‍ ഖാന് വൈദഗ്ധ്യം നേടിയിട്ടുണ്ട്.