സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗങ്ങളില്‍ ഒന്നാണ് സ്‌തനാര്‍ബുദം. ശാരീരികമായി മാത്രമല്ല, മാനസികമായി കൂടിയാണ് ഈ അസുഖം പലപ്പോഴും രോഗികളെ തകര്‍ത്തുകളയുന്നത്. ശസ്ത്രക്രിയയിലൂടെ സ്‌തനങ്ങള്‍ നീക്കം ചെയ്യുകയും, തുടര്‍ന്ന് കീമോയുടെ ഭാഗമായി മുടികൊഴിച്ചില്‍ ഉള്‍പ്പെടെ പല വിഷമസന്ധികളും രോഗംബാധിച്ചവരിൽ  ഇതുണ്ടാക്കുന്നു.

ഈ അസുഖത്തെകുറിച്ചും ചികിത്സയെ കുറിച്ചുമുളള ഭയം രോഗിയെ പലപ്പോഴും ശാരീരികവും മാനസികവുമായി തളർത്തും. കീമോ തെറാപ്പിയിലൂടെ കടന്നു പോകേണ്ടി വരുമോ എന്നതും ഈ​ രോഗചികിത്സയെ കുറിച്ച് പ്രചരിക്കുന്ന കഥകളുമൊക്കെ  സൃഷ്ടിക്കുന്ന  ഭയമാണ് ഇതിന് പിന്നിൽ. പേടിച്ച് ചികിത്സവേണ്ടന്നു വയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന ഒരു പഠനത്തെക്കുറിച്ചാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എഴുപതു ശതമാനം സ്‌തനാര്‍ബുദങ്ങളും കീമോ തെറാപ്പിയില്ലാതെ തന്നെ ചികിത്സിച്ചു ഭേദമാക്കാം എന്നാണ് പഠനം പറയുന്നത്. എട്ടുവര്‍ഷം സമയമെടുത്ത് നടത്തിയ ഈ പഠനം അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ഞായറാഴ്‌ച അവതരിപ്പിക്കുകയുണ്ടായി.

21 ജീന്‍ ടെസ്റ്റിലൂടെ രോഗം വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നു മനസിലാക്കാം എന്ന് പഠനത്തില്‍ പറയുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ഉള്ള 70 ശതമാനം രോഗികളിലും കീമോ തെറാപ്പി ഒഴിവാക്കാമെന്നും, എത്രയോ രോഗികള്‍ക്കും ഡോക്‌ടര്‍മാര്‍ക്കും ഇതുവഴി അനിശ്ചിതത്വത്തിന്റെ ദിനങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും ലൊയോള യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സിസ്റ്റത്തിലെ ഓങ്കോളജിസ്റ്റും ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പ്രധാന പങ്കുവഹിച്ച ആളുമായ ഡോക്ടര്‍ കാത്തി അല്‍ബെയ്ന്‍ പറയുന്നു.

ഡിഎക്‌സ് എന്ന ഓങ്കോടൈപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനം നടത്തിയത്. ബയോപ്‌സി പരിശോധനയിലെ 21 ജീനുകളെയാണ് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നത്. പൂജ്യം മുതല്‍ 100 വരെയുള്ള സ്‌കോര്‍ നല്‍കിയാണ് ക്യാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നത്. സ്‌കോര്‍ കുറയുന്നതിനനുസരിച്ച് രോഗ സാധ്യത കുറയുകയും സ്‌കോര്‍ കൂടുന്നതിനനുസരിച്ച് രോഗസാധ്യത കൂടുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ