നിറംമങ്ങിയതും വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. വരണ്ടുപൊട്ടിയതും തൊലിയടര്‍ന്നതുമായ ചുണ്ടുകൾ മുഖസൗന്ദര്യത്തെയും സാരമായി ബാധിക്കും. കൃത്യമായ പരിചരണത്തിലൂടെ ചുണ്ടുകളുടെ നിറവും ഭംഗിയും ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും.
ചുണ്ടുകളുടെ സൗന്ദര്യം സംരക്ഷിക്കാൻ സഹായിക്കുന്ന അഞ്ചു കാര്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോക്ടർ സ്നേഹ വിവേക് നമ്പ്യാർ.
അഴകും ആരോഗ്യവുമുള്ള ചുണ്ടുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കാര്യങ്ങൾ ചെയ്തു നോക്കൂ.
- എസ് പി എഫ് ഉള്ളാരു ലിപ് ബാം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
- ചുണ്ട് ഉണങ്ങുമ്പോൾ ചിലർ നാക്ക് കൊണ്ട് നനയ്ക്കുന്നത് കാണാം. ഇത് പൂർണമായും നിർത്തേണ്ടതാണ്. കാരണം ഉമിനീര് ചുണ്ടിന് അസ്വസ്ഥതയുണ്ടാക്കും. ഓരോ തവണ നക്കുമ്പോഴും ചുണ്ടുകൾക്ക് കൂടുതൽ അസ്വസ്ഥതയുണ്ടാക്കുകയും ക്രമേണ അത് ചുണ്ടിനെ വരണ്ടതാക്കുകയും ചെയ്യും.
- പുകവലി പൂർണമായും ഒഴിവാക്കുക. ചുണ്ടിന്റെ നിറം കറുത്തുവരാൻ ഈ ദുശ്ശീലം കാരണമാവും. പുകവലി ഉപേക്ഷിക്കുകയല്ലാതെ ഇതിനു വേറെ പ്രതിവിധിയില്ല.
- മാറ്റ് ലിപ്സ്റ്റിക് ഒഴിവാക്കുക. ന്യൂഡ് അല്ലെങ്കിൽ ഗ്ലോസി ലിപ്സ്റ്റിക്കാണ് ചുണ്ടുകളുടെ ആരോഗ്യത്തിന് നല്ലത്. മാറ്റ് ലിപ്സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നത് ചുണ്ടുകൾ കറുക്കാൻ കാരണമാവും.
- ഉറങ്ങും മുൻപ് ചുണ്ടിലെ മേക്കപ്പ് (ലിപ്സ്റ്റിക്കിന്റെ അവശേഷിപ്പുകളും മറ്റും) പൂർണമായും നീക്കം ചെയ്യാനും മറക്കരുത്. ചുണ്ടുകൾ നന്നായി വൃത്തിയാക്കിയതിനു ശേഷം ഒരു ലിപ് ബാം ഉപയോഗിച്ച് ചുണ്ടുകൾക്ക് പരിചരണം നൽകാം.
Also Read