ശരിയായ ഭക്ഷണക്രമം, നല്ല ആരോഗ്യം, മതിയായ ഉറക്കം, സമീകൃതമായ ജീവിതശൈലി എന്നിവയാണ് ആരോഗ്യമുള്ള ചർമ്മത്തിന് വേണ്ടത്. യുവത്വം നിലനിർത്താൻ സഹായിക്കുന്ന ആയിരക്കണക്കിന് ഉൽപ്പന്നങ്ങളുണ്ട്. പക്ഷേ, ഇത്തരം ഉൽപ്പന്നങ്ങൾ ചർമ്മത്തിന് ചിലപ്പോൾ ദോഷകരമായി വന്നേക്കാം. എപ്പോഴും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ചർമ്മ സംരക്ഷണം ഉറപ്പാക്കുകയാണ് നല്ലത്.
ചിലർക്ക് ചർമ്മത്തിന് പ്രായം കൂടുതൽ തോന്നിക്കും, മറ്റു ചിലർക്ക് പ്രായക്കുറവും. രണ്ട് കാരണങ്ങളാൽ ഇത് സംഭവിക്കുന്നു, ക്ലിനിക്കൽ, ബയോളജിക്കൽ. ക്ലിനിക്കൽ വാർധക്യം മറ്റ് ആന്തരിക അവയവങ്ങളെ പോലെ തന്നെ ചർമ്മത്തെയും ബാധിക്കുന്നു. “രണ്ടാമത്തേത് ബാഹ്യമായ ചർമ്മത്തിന്റെ വാർധക്യമാണ്, ഇത് ബാഹ്യ ഘടകങ്ങളുടെയും പാരിസ്ഥിതിക സ്വാധീനത്തിന്റെയും ഫലമാണ്, പ്രധാനമായും സൂര്യപ്രകാശം. ഇതു കൂടാതെ പുകവലി, അന്തരീക്ഷ മലിനീകരണം, ഉറക്കമില്ലായ്മ, പോഷകാഹാരക്കുറവ് എന്നിവയാണ്,” നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനിൽ ഡെർമറ്റോഎൻഡോക്രൈനോൾ പ്രസിദ്ധീകരിച്ച ‘പോഷകാഹാരവും ചർമ്മത്തിന്റെ പ്രായമാകലും തമ്മിലുള്ള ബന്ധം കണ്ടെത്തൽ’ എന്ന പഠനത്തിൽ പറയുന്നു.
ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ തിളങ്ങുന്ന ചർമ്മം നൽകാൻ സഹായിക്കും
- വൈറ്റമിൻ സി അടങ്ങിയ ഭക്ഷണക്രമമാണ് പ്രധാനമായും നിർദേശിക്കുന്നത്. ഓറഞ്ച്, നെല്ലിക്ക, ബ്രൊക്കോളി, കോളിഫ്ലവർ, കാലെ, കിവി, മധുരക്കിഴങ്ങ്, സ്ട്രോബെറി, തക്കാളി എന്നിവയിൽ നിന്ന് വിറ്റാമിൻ സി ലഭിക്കും.
- വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ, കാരറ്റ്, മാങ്ങ, പപ്പായ, ഈന്തപ്പഴം, വാൽനട്ട് പോലുള്ള ഡ്രൈ ഫ്രൂട്ട്സുകൾ, പച്ച ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
- ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യമുള്ള ചർമ്മത്തിന്റെ രഹസ്യമാണ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുകയും ശരീരത്തെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
- നല്ല ഉറക്കം ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തിക്ക് ഉറക്കക്കുറവ് ഉണ്ടാകുമ്പോൾ, ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കുന്നു. കോർട്ടിസോളിന്റെ ഉയർന്ന അളവ് ശരീരത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കും, ഇത് ചർമ്മത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.
- പതിവായി വ്യായാമം ചെയ്യണം. വ്യായാമം ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുന്നു, ഇത് ചർമ്മകോശങ്ങളെ പോഷിപ്പിക്കാനും അവയെ ഊർജസ്വലതയോടെ നിലനിർത്താനും സഹായിക്കുന്നു.
Read More: യുവത്വത്തിനും തിളങ്ങുന്ന ചർമ്മത്തിനും 5 യോഗാസനങ്ങൾ