എന്തു ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഡയറ്റ് നോക്കിയിട്ടും ഭക്ഷണം കുറച്ചിട്ടും തടി കുറയ്ക്കാൻ കഴിയുന്നില്ലെന്നാണ് ചിലർക്കുളള പരാതി. പക്ഷേ യോഗയിലൂടെ വളരെ എളുപ്പത്തിൽ തടി കുറയ്ക്കാനാകും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ 5 യോഗാസനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

സൂര്യനമസ്കാരം

യോഗ വ്യായാമങ്ങളിൽ അടിസ്ഥാനമായ ഒന്നാണിത്, കൂടാതെ വ്യാപകമായി പരിശീലിക്കുന്ന ആസനങ്ങളിൽ ഒന്നാണ്. പ്രണാമാസനം മുതൽ 12 ആസനങ്ങളു‌ടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്കാരം. ശരീരത്തിലെ കൊഴുപ്പുകളെ ഇത് ഇല്ലാതാക്കുന്നു.

Read Also: കോടിക്കണക്കിനുപേർ യോഗ ഇഷ്ടപ്പെടുന്നതിന്റെ 5 കാരണങ്ങൾ

വീരഭദ്രാസനം

ആകാരഭംഗിയും ഒതുക്കവുമുള്ള ശരീരവും നിലനിര്‍ത്താന്‍ സഹായിക്കുന്ന യോഗാഭ്യാസമാണിത്. വീരഭദ്രാസനം അരക്കെട്ടിന്റെ പേശികളിൽ പിരിമുറുക്കം സൃഷ്ടിക്കുകയും പുറകിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

ബോട്ട് പോസ്

വയർ കുറയ്ക്കാനുള്ള പോസാണ് ബോട്ട് പോസ്. നിലത്തു കിടന്നതിന് ശേഷം കൈകാലുകളും തലയും വി ഷേപ്പിൽ ഉയര്‍ത്തുക. 30 സെക്കൻഡോ ഒരു മിനിറ്റോ ഇങ്ങനെ തുടരുക. അതിനുശേഷം പഴയനിലയിലേക്ക് വരിക. ഈ യോഗാസനം ചെയ്യുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ വണ്ണം കുറക്കാൻ സാധിക്കും.

ബ്രിഡ്ജ് പോസ്

ആദ്യം നേരെ കിടക്കുക. പിന്നെ കാല്‍ നിലത്തുറപ്പിച്ചു, കൈകള്‍ വിടര്‍ത്തി അരികില്‍ വച്ചുകൊണ്ട് ശരീരം മുകളിലേക്ക് ഉയര്‍ത്തുക. തല ഉയര്‍ത്താതെ കാല്‍മുട്ട് മാത്രമേ മടക്കാന്‍ പാടുള്ളൂ. കുടവയർ കുറയ്ക്കാൻ ഈ യോഗാസനം നല്ലതാണ്.

കപൽഭാട്ടി

ഇത് പ്രധാനമായും ഒരു ശ്വസന വ്യായാമമാണ്, ഇതു ചെയ്യുമ്പോൾ ആവർത്തിച്ച് ആഴത്തിലുള്ള ശ്വാസം എടുക്കേണ്ടതുണ്ട്. ദിവസവും 25 മുതൽ 30 തവണയെങ്കിലും ഇത് ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook