Ice cubes facial: ഐസ് ക്യൂബ്സ് ഫേഷ്യൽ എന്നു കേട്ടിട്ടുണ്ടോ? അതെന്താണ് സംഭവമെന്ന് ആലോചിക്കാൻ വരട്ടെ, രാവിലെ എണീറ്റയുടൻ ഐസ് ക്യൂബ്സ് കൊണ്ട് മുഖം മസാജ് ചെയ്യുന്നതിനെയാണ് ഇങ്ങനെ പറയുന്നത്.
ഐസ് ക്യൂബ് ഫേഷ്യലിന് നമ്മുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാനാവും. പ്രധാനമായും വേനൽക്കാലത്താണ് ഇതേറെ ഗുണം ചെയ്യുക. വേനൽക്കാലത്ത് മങ്ങിയും നിർജീവമായും ഇരിക്കുന്ന ചർമ്മത്തിന് ഉണർവ് നൽകാൻ ഈ ഐസ് ക്യൂബ് ഫേഷ്യലിനു സാധിക്കും. ഐസ് ക്യൂബുകൾ നേരിട്ട് മുഖത്തിട്ടു മസാജ് ചെയ്യുന്നതിനു പകരം, നനുത്ത ഒരു തൂവാല കൊണ്ട് ഐസ്ക്യൂബുകൾ പൊതിഞ്ഞതിനു ശേഷം മസാജ് ചെയ്യുന്നതാണ്.
മുഖക്കുരുവിൽ നിന്ന് ആശ്വാസം
ഐസ് കൊണ്ട് മുഖം മസാജ് ചെയ്യുന്നതു വഴി മുഖക്കുരു ലഘൂകരിക്കാൻ കഴിയും. ഒപ്പം പാടുകൾ, വ്രണങ്ങൾ എന്നിവയുടെ കല മങ്ങിപ്പോവാൻ സഹായിക്കുകയും ചർമ്മത്തിന് തിളക്കം സമ്മാനിക്കുകയും ചെയ്യും.
രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
രാവിലെ എണീറ്റയുടൻ മുഖത്ത് ഐസ് പുരട്ടുന്നത് യഥാർത്ഥത്തിൽ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറക്കച്ചടവ് മാറി മുഖത്തിന് ഒരുണർവ്വും ഉന്മേഷവും ലഭിക്കും.
കൺതടങ്ങളുടെ വീക്കം കുറയ്ക്കുന്നു
രാവിലെ എണീറ്റു വരുമ്പോൾ പലരിലും മുഖവും കണ്ണുകളുമൊക്കെ വീർത്തിരിക്കുന്നതായി കാണാറുണ്ട്. മുഖത്ത് ഐസ് കൊണ്ട് മസാജു ചെയ്യുന്നത് കണ്ണുകളുടെയും കൺതടങ്ങളുടെയും വീക്കം കുറയ്ക്കാൻ സഹായിക്കും. ഐസിന്റെ ജലാംശം നീർവീക്കം കുറയ്ക്കാനും വീർത്ത കണ്ണുകളെ അപ്രത്യക്ഷമാക്കി മുഖത്തിന് ഫ്രഷ്നസ്സ് സമ്മാനിക്കാനും സഹായിക്കും.
ചർമ്മത്തിലെ സുഷിരങ്ങളെ ചെറുതാക്കുന്നു
ചർമ്മത്തിൽ വലിയ സുഷിരങ്ങളാണ് അഴുക്കടിഞ്ഞ് ബ്ലാക്ക്ഹെഡുകൾ ഉണ്ടാവാൻ കാരണമാവുന്നത്. ഇതുമൂലം ചർമ്മത്തിന്റെ നിറം മങ്ങിയതായി തോന്നാം. ഐസ് ഫേഷ്യൽ ചെയ്യുമ്പോൾ തുറന്ന സുഷിരങ്ങൾ ചെറുതാവുകയാണ്. ഐസ് പ്രകൃതിദത്ത ടോണറായി പ്രവർത്തിക്കുന്നു, മുഖത്തെ അമിതമായ എണ്ണയുടെ ഉത്പാദനം കുറയ്ക്കുകയും ചെയ്യും.
കൺതടങ്ങളിലെ കറുപ്പ് കുറയ്ക്കും
കൺതടങ്ങളിലെ കറുപ്പു കുറയ്ക്കാനും ഏറെ ഫലപ്രദമായ ഒന്നാണ് ഐസ് ക്യൂബ്സ് കൊണ്ടുള്ള മസാജ്. കുറച്ചു ദിവസങ്ങൾ അടുപ്പിച്ചു ചെയ്താൽ പ്രകടമായ മാറ്റം കാണാനാവും.
മേക്കപ്പ് കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്നു
മേക്കപ്പ് പ്രയോഗിക്കുന്നതിന് മുമ്പ്, നിങ്ങളുടെ മുഖം ഐസ് വെള്ളത്തിൽ 5 മിനിറ്റ് മുക്കുക. അതിനു ശേഷം വൃത്തിയുള്ള ടവ്വൽ ഉപയോഗിച്ച് മുഖം തുടയ്ക്കുക. അതിനുശേഷമാണ് മേക്കപ്പ് ഇടുന്നതെങ്കിൽ, നിങ്ങളുടെ മേക്കപ്പ് പതിവിലും കൂടുതൽ നേരം നിലനിൽക്കുമെന്ന് ബ്യൂട്ടീഷന്മാർ സാക്ഷ്യപ്പെടുത്തുന്നു.