കൃത്യമല്ലാത്ത ഉറക്കവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജോലി ഷെഡ്യൂളുകളും നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ദിവസവുമുള്ള മുപ്പതു മിനിറ്റ് നടത്തം, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി എന്നിവയൊക്കെ ഒരാളുടെ ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാക്കും.
ജീവിതം തന്നെ മാറ്റി മറിക്കാൻ സഹായിക്കുന്ന ചില ആയുർവേദ ജീവിതശൈലികൾ നിർദ്ദേശിക്കുകയാണ് ആയുർവേദ വിദഗ്ധയായ നിതിക കൊഹ്‌ലി.
“ആയുർവേദ ജീവിതശൈലി പിന്തുടരാൻ സഹായിക്കുന്ന ടിപ്സ് പങ്കിടുവാൻ ആളുകൾ എപ്പോഴും എന്നോട് ആവശ്യപ്പെടാറുണ്ട്. എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന നാല് ആയുർവേദ പരിചരണങ്ങൾ നിങ്ങൾക്കായി ഷെയർ ചെയ്യുകയാണ്,” നിതിക കുറിക്കുന്നു.
വ്യായാമം
ആരോഗ്യകരമായ ജീവിതത്തിൽ ശാരീരിക ക്ഷമതയുടെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശരീരഭാരം കുറയ്ക്കാനോ മൊത്തത്തിലുള്ള ആരോഗ്യം പരിപാലിക്കാനോ വേണ്ടി, ഒരാൾ എല്ലാ ദിവസവും വ്യായാമം ചെയ്യണം. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ കുറഞ്ഞത് 30 മുതൽ 40 മിനിറ്റെങ്കിലും നിത്യവും വ്യായാമം ചെയ്യണം.
ലഘുവായ അത്താഴം
അത്താഴം ഒരു ദിവസത്തിലെ അവസാനത്തെ ഭക്ഷണമാണ്, അതിനാൽ, ആ സമയത്ത് ഭക്ഷണത്തിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. വൈകുന്നേരം 7 മണിക്ക് ലഘുഭക്ഷണം കഴിച്ച് ആ ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
തണുത്ത വെള്ളം ഒഴിവാക്കുക
പലരും തണുത്ത വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ തണുത്ത വെള്ളത്തിന് പകരം ചെറു ചൂടുവെള്ളം കുടിക്കുക. മെച്ചപ്പെട്ട ആരോഗ്യത്തിനു ചൂടുവെള്ളമാണ് നല്ലതെന്ന് ആയുർവേദം പ്രതിബാധിക്കുന്നുണ്ട്. മാത്രമല്ല, മലബന്ധം, ആർത്തവ വേദന എന്നിവയിൽ നിന്നൊക്കെ ചെറുചൂടുവെള്ളം മുക്തി നൽകും.
കൃത്യമായ ഉറക്കം
എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. മുമ്പ് ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ പരിതോഷ് ബാഗേൽ, അനുയോജ്യമായ ഉറക്ക സമയം രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണെന്ന് നിർദ്ദേശിച്ചിരുന്നു. “പുലർച്ചെ 2 മണിക്കും 4 മണിക്കും ഇടയിൽ ഞങ്ങൾ നന്നായി ഉറങ്ങുന്നു, അതിനാൽ കൃത്യസമയത്ത് നിങ്ങൾ നന്നായി ഉറങ്ങുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, നിങ്ങൾക്ക് ഉചിതമായ സമയത്ത് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, ഉച്ചയ്ക്ക് 1 മുതൽ 3 വരെ ഉറങ്ങാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാകും, ഇത് പകൽ സമയത്തെ നിങ്ങളുടെ ജോലിയെ ബാധിക്കും, ” അവർ കൂട്ടിച്ചേർത്തു.