Aloe Vera Benefits: ഏറെ ആരോഗ്യഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെൽ മുടിയിലും ചർമ്മത്തിലും പുരട്ടുന്നതും കറ്റാർവാഴ ജ്യൂസ് കഴിക്കുന്നതുമൊക്കെ ചർമ്മസംരക്ഷണത്തിന് ഏറെ ഗുണപ്രദമാണ്.
സ്ഥിരമായി കറ്റാർവാഴ ജെൽ മുഖത്തും ശരീരത്തിലും പുരട്ടുന്നതു വഴി നിരവധി സൗന്ദര്യപ്രശ്നങ്ങൾ പരിഹരിക്കാം. കറ്റാർവാഴ സ്ഥിരമായി പുരട്ടിയാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- കറ്റാർവാഴ ജെൽ പതിവായി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകളും മുഖക്കുരവും പൂർണമായും നീക്കം ചെയ്യാൻ സാധിക്കും. ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾക്കൊപ്പം ത്വക്കിനെ മൃദുവാക്കുന്ന സാലിസിലിക് ഗുണങ്ങളും കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ബ്ലാക് ഹെഡ്‌സ്, പിഗ്മെന്റേഷൻ, നിറവ്യത്യാസം എന്നിവ മാറാനായി രാത്രി കറ്റാർവാഴ ജെൽ മുഖത്തുപുരട്ടി കിടക്കാം. രാവിലെ കഴുകി കളഞ്ഞാൽ മതി.
- കറ്റാർവാഴയിൽ 96 ശതമാനത്തോളം ജലാംശമാണ് അടങ്ങിയിരിക്കുന്നത്. ഇത് ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മം വരണ്ട് പോവുന്നതിൽ നിന്നും പ്രതിരോധിക്കുകയും ചെയ്യും. വരണ്ട ചർമ്മമുള്ളവർക്ക് കറ്റാർവാഴ മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാം.
- മുഖത്തിന്റെ കരുവാളിപ്പ് മാറ്റി നിറം വര്‍ദ്ധിപ്പിയ്ക്കാൻ സഹായിക്കും. കറ്റാർവാഴയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാമാണ് ഇതിന് സഹായിക്കുന്നത്. ദിവസവും കറ്റാർവാഴ ജെൽ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാനും ക്രമേണ മുഖത്തിന്റെ നിറം വര്‍ദ്ധിക്കാനും സഹായിക്കും.
- കൺതടങ്ങളിലെ കറുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്. കൺതടത്തിലെ രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവും മൂലമാണ് കൺതടങ്ങളിൽ കറുപ്പ് വരുന്നത്. കറ്റാർ വാഴയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും വൈറ്റമിനുകളും ഈ പ്രശ്നം പരിഹരിക്കാൻ അത്യുത്തമമാണ്. കറ്റാർ വാഴ ജെൽ അൽപ്പമെടുത്ത് കൺതടങ്ങളിൽ നിത്യേന മസാജ് ചെയ്യുന്നത് കണ്ണിനു താഴത്തെ കറുപ്പ് ക്രമേണ കുറച്ചുകൊണ്ടുവരും.
- വാക്സിംഗിനും ഷേവിംഗിനുമൊക്കെ ശേഷം ചർമ്മത്തിലുണ്ടാവുന്ന ചുവന്ന പാടുകളും തടിപ്പും തിണർപ്പും മാറാൻ കറ്റാർവാഴ ജെൽ പുരട്ടാം. ആഫ്റ്റർ ഷേവ് ക്രീമുകൾക്ക് പ്രകൃതിദത്തമായ ബദലാണ് കറ്റാർവാഴ ജെൽ.