സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ വലയ്ക്കുന്ന സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. എണ്ണമയമുള്ള ചർമ്മത്തിലാണ് കൂടുതലായും മുഖക്കുരു കാണപ്പെടുന്നത്. മനുഷ്യശരീരത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ എണ്ണമയമാര്‍ന്ന സീബം എന്ന സ്രവം ഉത്പാദിപ്പിക്കുന്നു. ഈ സ്രവം രോമകൂപങ്ങള്‍ വഴി തൊലിപ്പുറത്തെത്തുകയും ചര്‍മത്തിന് എണ്ണമയം നല്‍കുകയും ചെയ്യുന്നു. എന്നാൽ ഇവയുടെ ഉത്പാദനം അധികമാകുമ്പോഴോ അല്ലെങ്കില്‍ ഗ്രന്ഥികളുടെ പുറത്തേക്കുള്ള പാത അടഞ്ഞ് പോകുമ്പോഴോ സീബം ഉള്ളില്‍ തന്നെ തിങ്ങിനിറയുകയും സെബേഷ്യസ് ഗ്രന്ഥികള്‍ വീര്‍ത്ത് മുഖത്ത് കുരുക്കളായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതാണ് മുഖക്കുരു എന്ന രീതിയിൽ അറിയപ്പെടുന്നത്. ഈ സമയത്ത് ബാക്റ്റീരിയല്‍ ബാധ കൂടി വന്നാൽ മുഖക്കുരുവിനൊപ്പം പഴുപ്പിനും കാരണമാകുന്നു.
മുഖക്കുരുക്കള്‍ ഉണങ്ങിയാലും അതിന്റെ പാടുകൾ ശേഷിക്കും, ഈ കലകൾ മാറാൻ ചിലപ്പോൾ മാസങ്ങളെടുക്കും. സ്ഥിരമായി മുഖക്കുരു വരുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖസൗന്ദര്യം നഷ്ടപ്പെടുമെന്ന ചിന്ത കൗമാരക്കാരുടെയും മറ്റും ആത്മവിശ്വാസത്തെ വരെ ബാധിക്കുന്ന കാര്യമാണ്.
മുഖക്കുരു ഒഴിവാക്കാനുള്ള എളുപ്പവഴി ചർമ്മം നല്ലതുപോലെ സംരക്ഷിക്കുക എന്നതാണ്. രാവിലെയും വൈകിട്ടും മുഖം വീര്യം കുറഞ്ഞ ഫെയ്സ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്. മുഖക്കുരുവിനെ വരുതിയിലാക്കാൻ സഹായിക്കുന്ന ഒരു സ്കിൻ കെയർ റൂട്ടീൻ പരിചയപ്പെടുത്തുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോക്ടർ പൂനം.
- കിടക്കാൻ പോവുന്നതിനു മുൻപായി സാലിസിലിക് ആസിഡ് അടങ്ങിയ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.
- ക്ലേ മാസ്ക് മുഖത്തിട്ട് അൽപ്പസമയത്തിനു ശേഷം കഴുകി കളയുക.
- ശേഷം 2 ശതമാനം സാലിസിലിക് ആസിഡ് അടങ്ങിയ സെറം പുരട്ടുക.
- ശേഷം, സെറാമൈഡ് അടങ്ങിയ ഏതെങ്കിലുമൊരു മോയ്സചൈറസര്‍ പുരട്ടാം.
പതിവായി ഈ ദിനചര്യ തുടർന്നാൽ മുഖക്കുരുവിനെ അകറ്റാം.