സമൂഹം നേരിടുന്ന പലതരത്തിലുള്ള വെല്ലുവിളികളില്‍ ഒന്നാണ് ആത്മഹത്യ. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളാണ് പലപ്പോഴും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ 37 ശതമാനവും ഇന്ത്യയില്‍ നിന്നെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും 15 വയസുമുതല്‍ 39 വയസുവരെയുള്ള സ്ത്രീകളാണെന്നും പഠനം പറയുന്നു.

2016ല്‍ 15 മുതല്‍ 29 വയസുവരെയുള്ള സ്ത്രീകളിലായിരുന്നു ആത്മഹത്യാ നിരക്ക് കൂടുതല്‍. അതേസമയം ഇതേ വര്‍ഷം തന്നെ 15 മുതല്‍ 39 വയസുവരെയുള്ള ഇന്ത്യന്‍ സ്ത്രീകളുടെ പ്രധാന മരണകാരണവും ആത്മഹത്യ തന്നെയായിരുന്നു. ആത്മഹത്യ ചെയ്തവരില്‍ ഈ പ്രായപരിധിയില്‍ വരുന്ന 71.2 ശതമാനം സ്ത്രീകളും 57.7 ശതമാനം പുരുഷന്മാരുമാണെന്ന് പഠനം പറയുന്നു.

1990 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ലോകത്തെ ആത്മഹത്യാ നിരക്കില്‍ ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളുടെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. 1990ല്‍ 25.3 ശതമാനം സ്ത്രീകളായിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കില്‍ 2016ല്‍ ഇത് 36.6 ശതമാനമായി വര്‍ദ്ധിച്ചു. പുരുഷന്മാരിലേക്കെത്തുമ്പോള്‍ 1990ല്‍ 18.7 ശതമാനം എന്ന കണക്ക് 2016ല്‍ 24.3 ശതമാനമായും വര്‍ദ്ധിച്ചു.

ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നു എന്നാണ് പഠനം പറയുന്നത്.

ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും 40 വയസിനു താഴെയുള്ള സ്ത്രീകളാണ്. ലോകത്തെ ജനസംഖ്യയുടെ 17.8 ശതമാനമാണ് ഇന്ത്യയുടെ ജനസംഖ്യാ നിരക്ക്. ലോകത്തെ ആത്മഹത്യയുടെ 37 ശതമാനം, അതും സ്ത്രീകള്‍ മാത്രം ഇന്ത്യയില്‍ നിന്നാണ്. രാജ്യത്തെ പൊതുജനാരോഗ്യത്തിന്റെ ഞെട്ടിക്കുന്ന അവസ്ഥകളിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ