ആർത്തവകാലം പലർക്കും വേദനാജനകമാണ്. കഠിനമായ വയറുവേദന, ശരീരവേദന, നടുവേദന, ക്ഷീണം തുടങ്ങി വിവിധ ശാരീരിക അസ്വസ്ഥതകളാണ് പലർക്കും ആർത്തവം സമ്മാനിക്കുന്നത്. ശാരീരികമായ വേദനകളും അസ്വസ്ഥതകളും മാത്രമല്ല, മാനസികമായ പ്രശ്നങ്ങളും ആർത്തവത്തോട് അനുബന്ധിച്ച് പലരും അഭിമുഖീകരിക്കാറുണ്ട്. വിഷാദം, പെട്ടെന്ന് സങ്കടം വരിക, മൂഡ് സ്വിങ്സ്, ഉന്മേഷകുറവ് എന്നിങ്ങനെ വിവിധതരം പ്രശ്നങ്ങളിലൂടെയാണ് മിക്ക സ്ത്രീകളും ആർത്തവദിവസങ്ങളിൽ കടന്നുപോവുന്നത്.
ആര്‍ത്തവ നാളുകളിലെ അസ്വസ്ഥതയ്ക്കു പരിഹാരമാവുന്ന മൂന്ന് യോഗാസനങ്ങൾ പരിചയപ്പെടുത്തുകയാണ് ആയുർവേദ ഡോക്ടറായ നിതിക കോഹ്‌ലി. ഗർഭാശയ പേശികൾക്ക് വിശ്രമം നൽകാനും വേദന കുറയ്ക്കാനും ഈ യോഗാമുറകൾ നിങ്ങളെ സഹായിക്കും.

ബാലാസനം (Child’s pose)
ഇടുപ്പിന് വിശ്രമമേകുവാനും ആർത്തവ വേദനയും നടുവേദനയും നിയന്ത്രിക്കാനും ഈ യോഗാസനം നിങ്ങളെ സഹായിക്കും.
മാർജാരാസനം (Cat- cow pose)
നട്ടെല്ലിനു പുറകോട്ടു ശരിയായ രീതിയിലുള്ള വളവും അയവും കിട്ടുന്നതുമൂലം ശരീരത്തിനും മനസ്സിനും നല്ല ഉണർവും ഉന്മേഷവും ഊർജസ്വലതയും കൈവരാൻ സഹായിക്കുന്ന ഒന്നാണ് മാർജാരാസനം. നടുവിനു മാത്രമല്ല, വയറിലെ മസിലുകൾക്കും ഏറെ നല്ലതാണ് മാർജാരാസനം.
ഭുജംഗാസനം ( Cobra Pose)
പാമ്പ് തല ഉയര്‍ത്തി പത്തി വിടര്‍ത്തി നില്‍ക്കുന്നതിന്റെ മാതൃക അനുകരിച്ച് ചെയ്യുന്നതാണ് ഭുജംഗാസനം. നടുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഈ ആസനം. ഒപ്പം സ്ത്രീകളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഈ ആസനം സഹായിക്കും. പതിവായി ഭുജംഗാസനം ചെയ്യുന്നത് നട്ടെല്ലിന് അയവും പുറത്തെ മസിലുകള്‍ക്കും ഞരമ്പുകള്‍ക്കും പുഷ്ടിയും ബലവും വര്‍ദ്ധിക്കും. മലബന്ധം അകറ്റാനും ഇതൊരു പ്രതിവിധിയാണ്.
ഈ വ്യായാമ മുറകൾക്ക് ഒപ്പം ജീരകവെള്ളം കുടിക്കുന്നതും നല്ലതാണ്. ഒരു പാനിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു സ്പൂൺ ജീരകമിടുക. ഒന്നു നന്നായി തിളച്ചുവന്നാൽ ഓഫ് ചെയ്യാം. ഈ വെള്ളം കുടിക്കുന്നത് ആർത്തവ വേദനയിൽ നിന്നും ആശ്വാസം പകരും.