വരണ്ട ചർമ്മം മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. അസ്വസ്ഥതയ്ക്കും ചൊറിച്ചിലിനും കാരണമാകാറുണ്ട്. വരണ്ട ചർമ്മത്തിൽനിന്നും രക്ഷ നേടാൻ വിപണിയിൽ ലഭ്യമായ പല ക്രീമുകളെയും ആശ്രയിക്കാറുണ്ട്. എന്നാൽ, ചർമ്മത്തിന് അനുയോജ്യമായ ക്രീമുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ വിപരീത ഫലമുണ്ടാക്കും.
എസിയിൽ മണിക്കൂറുകളോളം ഇരിക്കുക, അത്യധികം ചൂടുള്ളതോ തണുത്തതോ ആയ വെള്ളം ഉപയോഗിച്ച് കുളിക്കുക, വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ, വീര്യം കൂടിയ സോപ്പുകളോ എക്സ്ഫോളിയന്റുകളോ ചർമ്മത്തിന്റെ വരൾച്ചയ്ക്ക് കാരണമാകാം. വരണ്ട ചർമ്മത്തിന് ആയുർവേദത്തിൽ ചില പരിഹാരങ്ങളുണ്ട്. വരണ്ട ചർമ്മമുള്ളവർക്ക് മൂന്നു വീട്ടുവൈദ്യങ്ങൾ നിർദേശിക്കുകയാണ് ഡോ.മോണിക്ക ഗുലാട്ടി.
പാലും മഞ്ഞളും
ആരോഗ്യകരമായ കൊഴുപ്പുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ പാൽ മികച്ച മോയ്സ്ച്യുറൈസറാണ്. ഇവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ചൊറിച്ചിൽ അല്ലെങ്കിൽ വീക്കം വരുന്നത് തടയും. പാൽ ഉപയോഗിച്ചുള്ള ഫെയ്സ്‌പാക്കും വരണ്ട ചർമ്മമുള്ളവർക്ക് നല്ലതാണ്. രണ്ടു ടേബിൾസ്പൂൺ പാൽ, ഒരു നുള്ള് മഞ്ഞൾ, ഒരു ടീസ്പൂൺ തേൻ, കുറച്ച് വെള്ളം എന്നിവ മിക്സ് ചെയ്യുക. മുഖത്ത് പുരട്ടിയശേഷം ഉണങ്ങുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യുക.
വെളിച്ചെണ്ണ
വെളിച്ചെണ്ണ നല്ലൊരു മോയ്സ്ച്യുറൈസറാണ്. ഇളം ചൂടുള്ള വെളിച്ചെണ്ണ മുഖത്ത് പതിയെ മസാജ് ചെയ്യുക. രാത്രി മുഴുവൻ മുഖത്ത് എണ്ണ വയ്ക്കുക. നല്ല ഫലത്തിനായി എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുക.
കറ്റാർവാഴ
വരണ്ട ചർമ്മമുള്ളവർക്ക് കറ്റാർവാഴ മികച്ചതാണ്. വരണ്ട കൈകളിലോ കാലുകളിലോ കറ്റാർവാഴ ജെൽ പുരട്ടുക. മറ്റു ചർമ്മ ഭാഗങ്ങളിലും പുരട്ടാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.