ബെംഗളൂരു: ഓണ്‍ലൈനില്‍ സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വില്‍പനയ്ക്ക് വച്ചപ്പോള്‍ 69 ദിവസം കൊണ്ട് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 10 ലക്ഷം കോണ്ടങ്ങള്‍. എയ്ഡ്സ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ ഗര്‍ഭ നിരോധന ഉറകള്‍ക്കായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത് ഏപ്രില്‍ 28ന് ആണ്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സുമായി ചേര്‍ന്നായിരുന്നു എയ്ഡ്‌സ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ഈ സേവനം.

സുരക്ഷിത ലൈംഗിക ബന്ധത്തെക്കുറിച്ചും, ഗര്‍ഭനിരോധന ഉറകളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഈ പദ്ധതി. ലൈംഗിക കാര്യങ്ങളില്‍ ഏറെ തെറ്റിദ്ധാരണകളും മറകളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ സ്വയം വെളിപ്പെടുത്താതെ ഇവ വാങ്ങാം എന്നതാണ് ഇത്രയും വലിയ വില്‍പനയ്ക്ക് കാരണം എന്നാണ് എയ്ഡ്സ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്നുള്ള കണക്കുകള്‍ നല്‍കുന്ന സൂചന.

ഡിസംബര്‍ വരെയുള്ള വിതരണത്തിനായി 10 ലക്ഷം കോണ്ടങ്ങളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ ജൂണ്‍ മാസത്തില്‍ത്തന്നെ ഇവ തീര്‍ന്നതായി ഫൗണ്ടേഷന്‍ മേധാവി ഡോ. വി സാം പ്രസാദ് പറഞ്ഞു. തുടര്‍ന്ന് 20 ലക്ഷത്തിനു കൂടി ഓര്‍ഡര്‍ കൊടുത്തു. ജനുവരിയില്‍ 50 ലക്ഷംകൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ