‘ഭാവനാ സമ്പന്നരാണ് മലയാളികള്‍. സാഹിത്യമുള്‍പ്പെടെയുള്ള നമ്മുടെ സര്‍ഗാത്മക ഇടപെടലുകള്‍ അഭിമാമാനര്‍ഹമാണ്. എന്നാല്‍ ഇന്ന് നമ്മള്‍ ഈ ഇടപെടലുകള്‍ നടത്തുന്നത് ശരിയായ ദിശയിലാണോ എന്നുറപ്പിക്കാനാവില്ല.’ പറയുന്നത് ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയും മലയാളിയുമായ അനിതാ നായര്‍.

ഐ ഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാറുന്ന കേരളത്തെക്കുറിച്ചുള്ള ആശങ്കകള്‍ അനിത പങ്കു വച്ചത്. ഒരു കാലത്ത് മലയാളിയുടെ മുഖമുദ്രയായിരുന്ന ‘സറ്റയര്‍’ ഇന്ന് ഒരു തരം ‘റിഗ്രെസ്സിവ്’ പെരുമാറ്റത്തിലേക്ക് മാറി എന്നും അനിത അഭിപ്രായപ്പെട്ടു.

‘മീഡിയോക്രിറ്റി’ എന്നതിന്‍റെ പര്യായമായും മലയാളി സമൂഹം മാറുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ അദ്ധ്വാനത്തില്‍ കിട്ടുന്ന എന്ത് കൊണ്ടും തൃപ്തിപ്പെടുന്ന ഒരു മനസ്സ്, മുന്നോട്ടേക്കുള്ള യാത്രയ്ക്ക് തടസ്സം മാത്രമേ ആവുകയുള്ളൂ എന്നും അനിത പറഞ്ഞു.

‘കേരളത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആശങ്ക, കേരളം പിന്നോട്ടേയ്ക്കാണോ പോകുന്നത് എന്നുള്ളതാണ്. പാലക്കാട്‌ ചുരം കേരളത്തെ എന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഭൂമിശാസ്ത്രപരമായി വേറിട്ടു നിര്‍ത്തിയിരുന്നു. അത് കൊണ്ട് തന്നെ അവിടങ്ങളിലെ പ്രശ്നങ്ങള്‍ ഒന്നും നമ്മളെ ബാധിച്ചില്ല. കടലിനോടുള്ള സാമീപ്യം കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും അവര്‍ക്കാര്‍ക്കുമില്ലാത്ത ഒരു വികാസവും കേരളത്തിന്‌ സാദ്ധ്യമായി. എന്നാല്‍ ഇപ്പോള്‍ തോന്നുന്നത് പാലക്കാട്‌ ചുരം നമ്മളെ വേറിട്ട്‌ നിര്‍ത്തി എന്നതിനേക്കാളുപരി കേരളത്തെ ചുരുക്കി, കൂടുതല്‍ സങ്കുചിതമാക്കിത്തീര്‍ത്തു എന്നാണ്’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook