‘മുറ്റത്തെ മുല്ലക്ക് മണമില്ല’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് മികച്ച നടിക്കുള്ള ‘ഉര്‍വ്വശി’ പട്ടം അറുപതാം വര്‍ഷത്തില്‍ കേരളത്തിലേക്കെത്തി. അറുപത്തിനാലാം ദേശീയ പുരസ്കാരം കൊണ്ട് വന്നത് മലയാള മുഖ്യധാര സിനിമ അത് വരെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സുരഭി ലക്ഷ്മി എന്ന സിനിമാ – നാടക – സീരിയല്‍ നടി.

ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരഭി പറഞ്ഞതിങ്ങനെ.

‘മുറ്റത്തെ മുല്ലയാണെന്ന് തിരിച്ചറിഞ്ഞത് തന്നെ വലിയ കാര്യം. പിന്നെ മുല്ലയെ എവിടെ വയ്ക്കണം, എങ്ങനെ വളര്‍ത്തണം എന്നൊക്കെ നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുല്ലയുടെ ഡ്യൂട്ടി പൂവിടുക, മണം പരത്തുക എന്നതാണ്, അത് മുല്ല ചെയ്തു കൊണ്ടേയിരിക്കും’.

മലയാളിയുടെ നായികാ സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം ഉണ്ടാകട്ടെ എന്നും സുരഭി പ്രത്യാശിച്ചു. കാമ്പുള്ള സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാകണം എന്നും സ്ത്രീ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ തിരുത്തപ്പെടണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു പ്രത്യേക പ്രായ പരിധിയില്‍ പെട്ട, വെളുത്ത നിറവും, കോലന്‍ മുടിയും, വിടര്‍ന്ന കണ്ണുകളുമുള്ള സ്ത്രീകള്‍ മാത്രമല്ലല്ലോ ഈ ലോകത്തുള്ളത്. ബാക്കിയുള്ളവരുടെ കഥകളും കൂടി നമ്മള്‍ പറയേണ്ടേ’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ