/indian-express-malayalam/media/media_files/uploads/2018/02/resmi-satheesh-featured.jpg)
കേരളത്തിന്‍റെ സാംസ്ക്കാരിക ഭൂപടത്തില്‍ സംഗീതത്തിന് എന്നും വലിയ സ്ഥാനമുണ്ടായിരുന്നുവെന്നു ഗായികയും നടിയുമായ രശ്മി സതീഷ്. സിനിമാ സംഗീതം പ്രചാരത്തില്‍ ആകുന്ന കാലത്തിനൊക്കെ മുന്‍പ് തന്നെ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമായി സംഗീതം ഉണ്ടായിരുന്നുവെന്നും വ്യതസ്ത ഗായകരുടെ, വ്യതസ്ത ശബ്ദങ്ങള്‍ ഉണ്ടായിരുന്നതില്‍ നിന്നും സിനിമയുടെ വരവിനു ശേഷം അത് ഒന്നോ രണ്ടോ ആയി ചുരുങ്ങി എന്നും രശ്മി നിരീക്ഷിച്ചു.
"നമ്മുടെ കഥാപ്രസംഗത്തിലും നാടകത്തിലും എന്തിനു, രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വരെ ധാരാളം ഗായകരുണ്ടായിരുന്നു. സിനിമയുടെ വരവോട് കൂടി ഇത്തരം ശബ്ദങ്ങളെല്ലാം പിന്‍നിരയിലേക്ക് തള്ളപ്പെടുകയും പകരം തീര്‍ത്തും ലോലമായ ശബ്ദങ്ങള്‍ രംഗത്ത് വരുകയും ചെയ്തത്", അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സംഗീത ലോകത്തിനു കഴിഞ്ഞ ആറു ദശാബ്ദങ്ങളില്‍ ഉണ്ടായ മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ട് ഐ ഇ മലയാളത്തോട് സംസാരിക്കുകയായിരുന്നു രശ്മി.
സമൂഹവുമായി നിരന്തരം കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന കലാസൃഷ്ടികള്‍ മാത്രമേ കാലാതീതമായി നിലനില്‍ക്കുകയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്നത്തെ കേരളം വളരെ കലുഷിതമാണ് എന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും സദാചാര ചിട്ടകള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നത് ഭയം ഉണ്ടാക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഇന്നത്തെ സാഹചര്യത്തില്‍ ഇരട്ടിക്കുന്നു എന്നും രശ്മി വെളിപ്പെടുത്തി.
"എനിക്ക് പേടിയാകുന്നു എന്ന് കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു ഞാന്‍. ചുറ്റിലും നടക്കുന്ന പലതിനോടും എങ്ങനെ പ്രതികരിക്കണം എന്നറിയില്ല. ഇത്തരം അന്യായങ്ങള്‍, കടന്നു കയറ്റങ്ങള്‍ നമ്മളിലേക്ക് എത്താന്‍ ഇനി അധികനേരമില്ല എന്ന തിരിച്ചറിവില്‍ ഉണ്ടായ ഭയമാണ്. കേരളം മാത്രമല്ല, രാജ്യം തന്നെ വല്ലാത്ത ഒരു അവസ്ഥയില്‍ കൂടി കടന്നു പോവുകയല്ലേ", അവര്‍ പറഞ്ഞു നിര്‍ത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.