കേരളത്തിലെ സംഗീത ആസ്വാദകര്‍ മൂന്ന് തരത്തിലും പെട്ടവരാണ് എന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ചെറുപ്പക്കാര്‍, മദ്ധ്യവയസ്കര്‍, മുതിര്‍ന്നവര്‍ എന്നീ മൂന്ന് തലമുറകളിലായും ഇവരെ പെടുത്താം. ഇതില്‍ ചെറുപ്പക്കാരും മുതിര്‍ന്നവരും സംഗീതത്തില്‍ വരുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുന്നവരാണ്. ഇടക്കുള്ള മദ്ധ്യവയസ്കരാണ് മാറ്റങ്ങളെ പ്രതിരോധിക്കുന്നത്. അവര്‍ പഴയ കാല നൊസ്റ്റാള്‍ജിയയില്‍ കുടുങ്ങി കിടക്കുന്നത് കൊണ്ടാണത്.

ഐ ഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘നമ്മളൊക്കെ സ്കൂളില്‍ പോയ സമയമാണ് ബെസ്റ്റ്, നമ്മള്‍ കേട്ട പാട്ടുകളാണ് ബെസ്റ്റ്, യേശുദാസിന്‍റെ പാട്ടുകളാണ് ബെസ്റ്റ് ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നവരാണ് ഞാന്‍ ഉള്‍പ്പെടുന്ന മലയാളി മധ്യവയസ്കര്‍. യേശുദാസിന്‍റെ പാട്ട് തന്നെയാണ് മികച്ചത്. പക്ഷെ അതില്‍ നിന്നുള്ള ഒരു മാറ്റത്തെ നമ്മള്‍ ഭയത്തോടെ സമീപിക്കേണ്ട കാര്യമില്ല’

എന്തൊക്കെയോ മാറ്റങ്ങള്‍ വരുന്നു, പുതിയ പിള്ളേരൊക്കെ ഫ്രീക്കന്മാരാണ് എന്ന് വിശ്വസിക്കുന്ന ഒരു തലമുറയാണ് നമ്മുടെ ഇന്നത്തെ സംഗീത ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഐ ടി ഉദ്യോഗസ്ഥനും ‘അഗം’ ബാന്‍ഡ് അംഗവുമായ ഹരീഷ് കൂട്ടിച്ചേര്‍ത്തു.

മെലഡിയാണ് മലയാളം സംഗീതത്തിന്‍റെ മുഖമുദ്ര, പ്രത്യേകിച്ച് മലയാള സിനിമാ സംഗീതത്തിന്‍റെ. മെലഡിയില്‍ മയങ്ങി കിടക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. അതില്‍ ദോഷമൊന്നുമില്ല. മെലഡിയില്‍ മാറ്റം ഉണ്ടാകണം എന്ന് കരുതി ഇടക്കാലത്ത് നമ്മള്‍ ഉണ്ടാക്കിയ സംഗീതം ഒരു തരത്തിലുള്ള മികവും പുലര്‍ത്തിയില്ല. അത് ഒരു വലിയ തിരിച്ചടിയായി. അടിപൊളി എന്ന് കേട്ടാല്‍ തന്നെ പേടിക്കുന്ന അവസ്ഥയായി. മെലഡിക്കും അടിപൊളിക്കും ഇടയിലുള്ള ഒരു സ്പേസ്, അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, അതാവും ഏറ്റവും അഭികാമ്യമായ അവസ്ഥ.

യേശുദാസും ചിത്രയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകരാണ് എന്നും ഹരീഷ് പറഞ്ഞു. എം എസ് ബാബുരാജ്‌ മുതല്‍ എ ആര്‍ റഹ്മാന്‍ വരെയുള്ള വൈവിധ്യമാര്‍ന്ന സംവിധായകര്‍ക്ക് വേണ്ടി പാടിയിട്ടുള്ള ആളാണ്‌ യേശുദാസ്. പലര്‍ക്കു വേണ്ടി പാടുമ്പോള്‍ ഉള്ള ഗ്രേഡേഷന്‍, വൈദഗ്ധ്യം ഇതൊന്നുമല്ല സംഗീതാസ്വാദകര്‍ നമ്മള്‍ അദ്ദേഹത്തില്‍ കാണുന്നത്. നമുക്ക് യേശുദാസിനോട് ഉള്ളത് അന്ധമായ അന്ധമായ ഒരു ഇഷ്ടമാണ്. അതും ആ ശബ്ദത്തോട്. അതിനുമപ്പുറത്ത്‌, കലാമൂല്യമുള്ള, ആരാധന അര്‍ഹിക്കുന്ന ധാരാളം കാര്യങ്ങളുണ്ട് യേശുദാസിന്‍റെ സംഗീതത്തില്‍. അത് നമ്മള്‍ തിരിച്ചറിയുന്നുണ്ടോ എന്ന് സംശയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ