എല്ലാ വിധത്തിലുള്ള തുല്യതയും ലക്ഷ്യമിട്ടുള്ള വികസനമാണ് കേരളത്തിന്‌ ആവശ്യമെന്നു പ്ലാനിങ് ബോര്‍ഡ്‌ അംഗവും മുതിര്‍ന്ന പോളിസി വിദഗ്ധയുമായ മൃദുല്‍ ഈപ്പന്‍. ആറു ദശാബ്ദങ്ങള്‍ പിന്നിടുന്ന കേരളത്തിന്‍റെ വളര്‍ച്ച ഇനി ഇതു ദിശയിലേക്ക് എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അവര്‍.

“ഒരു ‘ഈഗാലിറ്റെറിയന്‍’ സമൂഹമാണ് നാം ലക്ഷ്യമിടേണ്ടത്. ‘ഡവലപ്മെന്‍റ്’ പ്രക്രിയയില്‍ ആരെയും വിട്ടു പോകാത്ത തരത്തിലുള്ള ‘ഇന്‍ക്ലൂഷന്‍’ കൊണ്ട് വരാന്‍ സാധിക്കണം. ‘മാര്‍ജിനലൈസ്’ ചെയ്യപ്പെടുന്നവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ നമുക്കറിയാം – ആദിവാസികള്‍, ട്രാൻസ്ജെൻഡർ, മൽസ്യതൊഴിലാളികള്‍ അങ്ങനെ തുടങ്ങി പലര്‍. ഇവരെ എല്ലാവരെയും കൂടി ഉള്‍ക്കൊള്ളിച്ചിട്ടുള്ള വികസനത്തിനെയേ വികസനം എന്ന് വിളിക്കാന്‍ സാധിക്കുകയുള്ളൂ”, അവര്‍ കൂട്ടിച്ചേര്‍ത്തു.

വികസിത കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടതുണ്ട് എന്നും അവര്‍ അഭിപ്രായപ്പെട്ടു. നമുക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള വിജയങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും കൂടുതല്‍, ഇനിയും വേഗത്തില്‍, ഇത്തരം മുന്നേറ്റങ്ങള്‍ നടക്കേണ്ടതുണ്ട് എന്ന് മൃദുല്‍ ഈപ്പന്‍ പറഞ്ഞു.

“കേരളത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ കണക്കെടുത്താല്‍ ഈ പറഞ്ഞതൊക്കെ തിരിച്ചെടുക്കേണ്ടി വരും. കേരള സമൂഹം സ്ത്രീകള്‍ക്ക് പണ്ടുള്ളയത്ര സുരക്ഷിതമാണോ എന്ന് സംശയമുണ്ട്‌. ഈ അക്രമങ്ങള്‍ എങ്ങനെ തടയും എന്നതിനെക്കുറിച്ച് കാര്യമായ ആലോചനകള്‍ നടക്കുന്നുണ്ട്. അക്രമം നടന്നതിനു ശേഷമുള്ള പ്രശ്നപരിഹാരം, റീഹാബിലിറ്റെഷന്‍ തുടങ്ങിയ കാര്യങ്ങളെക്കാള്‍ കൂടുതലായി നാം ആലോചിക്കേണ്ടത് ഇതിനെക്കുറിച്ചാണ്.”

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala60 news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ