കഴിഞ്ഞ ആറു നൂറ്റാണ്ടിലെ മലയാള സാഹിത്യത്തെക്കുറിച്ച്, മലയാള ഭാഷയുടെ പ്രയോഗത്തെയും വളര്‍ച്ചയേയും കുറിച്ച്, മലയാള സാഹിത്യ നിരൂപണത്തെക്കുറിച്ച്, പ്രൊഫെസര്‍ എം ലീലാവതി ഐ ഇ മലയാളത്തോട് സംസാരിക്കുന്നു, ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.
ശാസ്ത്ര പുരോഗതിയ്ക്കനുസരിച്ച് ലോകം മാറുന്നത് പോലെ ഭാഷയിലും ഇനി മാറ്റങ്ങള്‍ വരും എന്ന് ലീലാവതി ടീച്ചര്‍ പറയുന്നു. ഐ ടി രംഗത്തെക്കുറിച്ച് സാഹിത്യമെഴുതുമ്പോള്‍ അതിലെ പദങ്ങളും പ്രയോഗങ്ങളും മലയാളം മാത്രമാക്കി ചുരുക്കാന്‍ സാധിക്കില്ല. അപ്പോള്‍ അന്യ ഭാഷാ പദങ്ങളും ഉപയോഗിക്കേണ്ടി വരും. അങ്ങനെ മിശ്രണം ചെയ്ത ഒരു ഭാഷ ഉപയോഗിക്കേണ്ടി വരും എന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
അറുപതു വര്‍ഷത്തില്‍ മലയാള സാഹിത്യം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു എന്നും, വിശ്വ സാഹിത്യത്തിന്‍റെ മുന്‍ നിരയില്‍ നിര്‍ത്താനാകുന്ന കൃതികള്‍ മലയാളത്തിലുണ്ടായിട്ടുണ്ട് എന്നും ടീച്ചര്‍ സാക്ഷപ്പെടുത്തി. മികവു പുലര്‍ത്തിയ ധാരാളം എഴുത്തുകാരുണ്ട് നമുക്കിടയില്‍, എന്നാല്‍ ബാലാമണിയമ്മ അതില്‍ എടുത്തു പറയേണ്ട ആളാണ് എന്നും ലീലാവതി ടീച്ചര്‍ എടുത്തു പറഞ്ഞു.
‘ഒരു വലിയ ശക്തിയായിരുന്നു അവര്‍. വേണ്ട പോലെ തിരിച്ചറിയപ്പെട്ടിട്ടില്ലെങ്കിലും സ്ത്രീകള്‍ക്കെത്തിച്ചേരാവുന്ന ബൗദ്ധിക മഹത്വത്തിന്‍റെ പാരമ്യത്തില്‍ എത്തിയിട്ടുള്ള ഒരു സ്ത്രീയാണു ബാലാമണിയമ്മ. അവരെ ഒരു പ്രത്യേക തലത്തില്‍ ബ്രാന്‍ഡ് ചെയ്യുകയായിരുന്നു നമ്മള്‍. അമ്മ, ആ ഒരു വ്യക്തിത്വം മാത്രമേയുള്ളൂ ബാലാമണിയമ്മയ്ക്ക്. വളരെ ഉപരിപ്ലവമായ ഒരു സമീപന രീതിയാണത്.’
ഇന്നത്തെ മലയാള സമൂഹം സാഹിത്യത്തെ നെഞ്ചേറ്റി ലാളിക്കുന്നു എന്നൊന്നും പറയാന്‍ സാധിക്കില്ല എന്നും ടീച്ചര്‍ അഭിപ്രായപ്പെടുന്നു.
‘ആസ്വാദക സമൂഹത്തിന്‍റെ അഭിരുചി ആകെ മാറിപ്പോയിരിക്കുന്നു. പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളുടെ വരവോട് കൂടി, സാഹിത്യത്തില്‍ നിന്നും ആളുകള്‍ ക്രമത്തില്‍ ക്രമത്തില്‍ പിന്നോക്കം പോവുകയാണ്’.