കലാലയ രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് വന്നിട്ടുള്ളയാളാണ് താനെന്നും അന്ന് ക്യാംപസുകളില്‍ ഉണ്ടായിരുന്ന ഊഷ്മളമായ അന്തരീക്ഷം ഇന്നില്ല എന്നത് തന്നെ വളരെയേറെ വേദനിപ്പിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി.

ഐ ഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ഇന്നത്തെ കേരളത്തില്‍ വിഷമിപ്പിക്കുന്ന സംഗതി എന്ത്’ എന്ന ചോദ്യത്തിനോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

‘അന്നും വ്യതസ്ത പാര്‍ട്ടികളും അഭിപ്രായങ്ങളുമുണ്ട്. എന്നാല്‍ ജനാധിപത്യ മര്യാദ മറന്നു കൊണ്ടുള്ള ഒരു നിസ്സാര സംഭവം പോലും അക്കാലത്ത് ക്യാംപസുകളില്‍ ഉണ്ടായിട്ടില്ല’.

എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന പല സംരംഭങ്ങളും തനിക്കു പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പണ്ടൊക്കെ ചെറുപ്പക്കാരുടെ വലിയ ആഗ്രഹം ഡിഗ്രി എടുക്കുക എന്നതാണ്. അത് കഴിഞ്ഞാല്‍ ഒരു വിസ. എന്നാല്‍ ഇന്നങ്ങനെയല്ല. ചെറുപ്പക്കാര്‍ തങ്ങളുടേതായ സംരംഭങ്ങളുമായി മുന്നോട്ടു വരുന്നു. അതില്‍ തന്നെ നമ്മുടെ നാട്ടിലെ പലര്‍ക്കും ജോലി നല്‍കുന്നു. സ്വന്തം സംരംഭങ്ങള്‍ വിജയകരമാക്കാന്‍ പ്രയത്നിക്കുന്നു. പണ്ടത്തെ നമ്മുടെ കാഴ്ചപ്പാടുകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇത്. വലിയ സന്തോഷവും പ്രതീക്ഷയും നല്‍കുന്ന ഒരു കാര്യമാണത്’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ