‘ഒരു നല്ല സമൂഹത്തിന് ആദ്യം വേണ്ടത് സമാധാനമാണ്. മറ്റൊന്ന് മികച്ച സുരക്ഷാ സംവിധാനമാണ്’. പറയുന്നത് മലയാളത്തിന്റെ പ്രിയപെട്ട മോഹന്‍ലാല്‍.
ഐ ഇ മലയാളത്തിന്റെ ‘കേരള @ 60’ പരമ്പരയില്‍ കേരളത്തെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം.
ചതിയോ വഞ്ചനയോ കൊലപാതകങ്ങളോ ഇല്ലാത്ത ഒരു സമൂഹമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അക്രമ രാഷ്ട്രീയത്തിനും അഴിമതിക്കും അടിമകളാകരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘എന്റെ സ്വപ്നത്തിലെ നാട് സ്വയം പര്യാപ്തത നേടിയതും, ഉത്പാദന ക്ഷമമായതും, അഴിമതി മുക്തവുമായിരിക്കണം. മുതിര്‍ന്നവരെയും സ്ത്രീകളെയും ബഹുമാനിക്കുകയും നമ്മുടെ പരിസ്ഥിയെയും ചുറ്റുപാടുകളെയും വൃത്തിയായി സൂക്ഷിക്കുന്നതുമായിരിക്കണം.’
സ്വപ്നങ്ങളാണ് നല്ല ചിന്തകളുടെ ഉറവിടമെന്നും നല്ല സ്വപ്നങ്ങളില്‍ നിന്നും നല്ല ചിന്തകളും നല്ല പ്രവര്‍ത്തനങ്ങളും ഉണ്ടാകട്ടെ എന്നും അറുപതു വര്‍ഷം തികയ്ക്കുന്ന കേരളത്തെ മോഹന്‍ലാല്‍ ആശംസിച്ചു.