തമിഴ് സിനിമയുടെ ലാവണ്യബോധത്തില്‍ നിന്നാണ് മലയാള സിനിമ അതിന്‍റെ സ്വത്വം രൂപപ്പെടുത്തിയെടുക്കുന്നത്. കാലക്രമേണ അത് മാറി, മലയാള സിനിമ അതിന്‍റേതായ ശൈലിയും ഉള്ളടക്കവുമെല്ലാം സ്വായത്തമാക്കിയെങ്കിലും സാമാന്യ ജനത്തെ തിയേറ്ററുകളില്‍ എത്തിക്കാന്‍ വര്‍ണ്ണകാഴ്ചകളും സാങ്കേതിക വിദ്യയും അടങ്ങുന്ന ഒരു സ്പെക്ടക്കിള്‍ തന്നെ വേണം. പറയുന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യം സിനിമാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ ‘ദാദാ സാഹെബ് ഫാല്‍ക്കെ’ പുരസ്ക്കാരം നേടിയ ഏക മലയാളി.

ഐ ഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാള സമൂഹം സിനിമയുമായി നടത്തുന്ന കൊടുക്കല്‍ വാങ്ങലുകളെ പരാമര്‍ശിച്ചു കൊണ്ട് അടൂര്‍ പറഞ്ഞതിങ്ങനെ.

‘ബൗദ്ധികമായി ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്‍റെ സംസ്കാരത്തിനെയാണ് നമ്മള്‍ കേരളത്തിന്‍റെ സംസ്കാരമെന്ന് തെറ്റിദ്ധരിക്കുന്നത്. അങ്ങനെയല്ലത്. തട്ട് പൊളിപ്പന്‍ സിനിമകളെ കണ്ടു പ്രോത്സാഹിപ്പിക്കുന്ന ജനസാമാന്യത്തിന്റെ സംസ്കാരമാണ് കേരളത്തിന്‍റെ സംസ്കാരം.’

ആര്‍ക്കും സിനിമയെടുക്കാം എന്ന അവസ്ഥയിലേക്ക് സിനിമാ സാങ്കേതിക വിദ്യ എത്തിയതും മൂല്യച്യുതിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ചലിക്കുന്ന ചിത്രങ്ങളെല്ലാം സിനിമയാണ്, അതാരെടുത്താലും. എന്നാല്‍ ഒരു സര്‍ഗപ്രവര്‍ത്തിക്ക് വേണ്ട തയ്യാറെടുപ്പുകള്‍ അവര്‍ നടത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.’

എന്നാല്‍ താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല എന്നും പ്രതിഭയുടെ കിരണങ്ങള്‍ മലയാള സിനിമയില്‍ അങ്ങിങ്ങായി കാണാന്‍ സാധിക്കുന്നുണ്ടെന്നും അടൂര്‍ പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ