ഭരണഘടന അനുശാസിക്കുന്ന തത്വങ്ങള്‍ പിന്തുടരുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നും ഇവിടെ നിലനിക്കുന്നത് സ്യൂഡോ സെക്കുലറിസമാണെന്നും (കപടമായ മതനിരപേക്ഷത) ബിജെപിയിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍.

ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. സോഷ്യലിസം പ്രസംഗിക്കുകയും മുതലാളിമാരെ പ്രീണിപ്പിക്കുന്ന നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതാണ് കേരളത്തില്‍ ഇതുവരെ കണ്ടു വന്നത് എന്നും, ജനങ്ങളുടെ കൂടി പങ്കാളിത്തമുള്ള ജനവികസനമാണ് (സബ് കേ സാത്ത്, സബ് കേ വികാസ്) ബിജെപി ലക്ഷ്യമിടുന്നതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

പലതരം രാഷ്ട്രീയ പരീക്ഷണങ്ങളും നടന്ന ഇടമാണ് കേരളം. കൂട്ടുകക്ഷി, മുന്നണി, കൂടിച്ചേരല്‍, പിരിയല്‍ ഇതെല്ലം കണ്ട നാടാണ്. ഇതില്‍ നിന്നുമെല്ലാം കേരള ജനത മനസ്സിലാക്കിയത് ഇടതും വലതും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു മൂന്നാം മുന്നണിക്ക്‌ കേരളത്തില്‍ വളരെയധികം സാധ്യതകള്‍ തങ്ങള്‍ കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആറു പതിറ്റാണ്ടില്‍ നടക്കാന്‍ പാടില്ലായിരുന്നു എന്ന് തോന്നിപ്പിച്ച സംഭവമെന്ത് എന്ന ചോദ്യത്തിന് ഒ.രാജഗോപാലിന്‍റെ ഉത്തരം ഇങ്ങനെ.

‘മതത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ഒരു ജില്ല രൂപീകരിക്കാന്‍ തയ്യാറായി എന്നുള്ളതാണ് കഴിഞ്ഞ അറുപതു വര്‍ഷത്തില്‍ ഞാന്‍ കാണുന്ന ഏറ്റവും മോശപ്പെട്ട കാര്യം. അത് ആലോചനയിലെ കുഴപ്പമാണ്, ഭരണഘടനാതത്വങ്ങള്‍ക്കെതിരാണ്. നമ്പൂതിരിപ്പാട് തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുള്ളതുമാണ്. അഡ്മിനിസ്ട്രേഷൻ യൂണിറ്റുകള്‍ ഉണ്ടാക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് പരിഗണനകള്‍ വച്ചാണ്, അല്ലാതെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല.’

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala60 news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ