“‘മെറ്റീരിയല്‍ പ്രൊഡക്ഷന്‍’ ആവണം നമ്മുടെ ഫോക്കസ് എന്ന് കേരള മോഡലിനെക്കുറിച്ച് സംസാരിക്കവേ ഇഎംഎസ് പറഞ്ഞിട്ടുണ്ട്. ഈ വേളയില്‍ അതൊന്നു കൂടി ഓര്‍ത്തു പോവുകയാണ്”, വി.കെ.രാമചന്ദ്രന്‍ പറയുന്നു. അറുപതിലെത്തിയ കേരളത്തിന്‍റെ സാമ്പത്തിക പുരോഗതിയുടെ ദിശകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയ വി.കെ.രാമചന്ദ്രന്‍.
“ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ നമ്മുടെ തനത് വ്യവസായങ്ങളിലും കൃഷിയിലും ഉപയോഗിക്കാന്‍ കഴിയണം. വിദ്യാഭാസവും സാങ്കേതിക പരിജ്ഞാനവും രാഷ്ട്രീയ ബോധവുമുള്ള ഒരു ‘വര്‍ക്ക് ഫോഴ്സ്’ നമുക്കുണ്ട്. ഇവര്‍ക്ക് സ്ഥിരതയുള്ള, ആവശ്യത്തിനു വരുമാനമുള്ള ജോലികള്‍ ഇവിടെ തന്നെ നൽകാനാകണം.”, അടുത്ത അഞ്ചു വര്‍ഷത്തെ മുന്‍ നിര്‍ത്തി അദ്ദേഹം പറഞ്ഞതിങ്ങനെ. ഐഇ മലയാളത്തിന്‍റെ ‘കേരളം ഇനി എങ്ങോട്ട്’ എന്ന പംക്തിയില്‍ പ്രതികരിക്കുകയായിരുന്നു വി.കെ.രാമചന്ദ്രന്‍.
കേരളത്തിന്‍റെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സജീവമാക്കണം എന്നും മാലിന്യ നിര്‍മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“രാജ്യത്തിനാകെ വഴികാട്ടിയാണ് കേരളം, പല കാര്യങ്ങളിലും. ഇന്ത്യ ഇന്ന് കടന്നു പോയ്ക്കൊണ്ടിരിക്കുന്ന സാമൂഹ്യ-ജാതീയ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കെല്ലാം എതിരെ ശബ്ദമുയര്‍ത്തിയ, എല്ലാത്തിനും മുകളില്‍ ജനാധിപത്യത്തെയും സമത്വത്തെയും പ്രതിഷ്ഠിച്ച നാടാണ് കേരളം. ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തിലെ ഒരേ ഒരു പ്രതീക്ഷയാണ് കേരളമെന്ന് നമ്മള്‍ മറന്നു കൂടാ”.