കേരളത്തിലെ പൊതുവിടങ്ങള്‍, പ്രത്യേകിച്ച് രാഷ്ട്രീയ രംഗം, സ്ത്രീകളോട് അനുഭാവപൂര്‍വ്വമല്ലാത്ത നടപടികളാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളത് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍.

ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന അംഗീകാരമില്ലായ്മയെക്കുറിച്ച് ഷാനി മോള്‍ വാചാലയായത്.

‘നമ്മളെക്കാള്‍ സാക്ഷരതയിലും വികാസത്തിലുമൊക്കെ പിന്നില്‍ നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ പോലുമില്ലാത്ത വിവേചനമാണ് കേരളത്തിലുള്ളത്. പുരുഷാധിപത്യം ഏറ്റവും കൂടുതല്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമേത് എന്ന് ചോദിച്ചാല്‍ കണ്ണുമടച്ചു ഞാന്‍ പറയും അത് കേരളമാണെന്ന്’, അവര്‍ പറഞ്ഞു.

പഞ്ചായത്ത്‌ തലത്തില്‍ കഴിവ് തെളിയിച്ച മിടുക്കികളായ സ്ത്രീകളുണ്ട്. ഭരണ ഭാഷ കൃത്യമായി പഠിച്ചു, തങ്ങളുടെ ജോലി മികവോടെ ചെയ്യുന്നവര്‍. അവരെ വേണ്ട വിധത്തില്‍ അഭിനന്ദിക്കാണോ അംഗീകാരിക്കാനോ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നില്ല.

‘കോണ്‍ഗ്രസിന്‍റെ കാര്യം പറയുകയാണെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനുള്ള ഒരു ഇച്ഛാശക്തി സംസ്ഥാന നേതൃത്വത്തിനില്ല. എന്ന് മാത്രമല്ല, സ്ത്രീകള്‍ വരരുത് എന്നൊരു നിര്‍ബന്ധമുള്ളത് പോലെ തോന്നും പലപ്പോഴും. ഇക്കാര്യത്തില്‍ ഇടതു പക്ഷമാണ് ഭേദം എന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കു’ മെന്നും രാഷ്ട്രീയ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ കടന്നു വരാനായി ബോധപൂര്‍വ്വമായ ഇടപെടല്‍ വേണമെന്നും ഷാനിമോള്‍ ആവശ്യപെട്ടു.

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ തലത്തിലും സമൂഹ തലത്തിലും ഉയര്‍ന്നു വരണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala60 news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ