മികച്ച സര്‍വ്വകലാശാലകളോ, സ്വതന്ത്ര ചിന്തയെ പരിപോഷിപ്പിക്കാനുതകുന്ന തുറന്ന സംവാദങ്ങളോ ചര്‍ച്ചകളോ ഇല്ലാത്ത ഒരിടമാണ് കേരളമെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍. ഇതൊന്നുമില്ലാതെ, നൂറു ശതമാനം സാക്ഷരതയുണ്ട് എന്നുള്ളത് കൊണ്ട് നമുക്ക് ഒരു ഗുണവും ഉണ്ടാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ ഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്. നിഷ്പക്ഷമായും അറിവിന്‍റെ ഉറവിടങ്ങളായും വര്‍ത്തിക്കേണ്ട കേരളത്തിലെ സര്‍വ്വകലാശാലകള്‍ അവയുടെ കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിച്ച് വെറും സര്‍ക്കാര്‍ ഉപകരണങ്ങളായി നില കൊള്ളുന്നു എന്നും എം ജി എസ് പറഞ്ഞു.

‘കേരളത്തിലെ രാഷ്ട്രീയക്കാര്‍ പറയുന്നത് പോലെ, വികേന്ദ്രീകൃത ആസൂത്രണമല്ല ഇവിടുത്തെ സാക്ഷരതയുടെ അടിസ്ഥാനം. പത്തൊന്‍പതാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ മിഷനറികളുടെ പ്രവര്‍ത്തനമാണ് കേരളത്തിലെ സാക്ഷരത വര്‍ദ്ധിക്കാന്‍ കാരണം. മത പരിവര്‍ത്തനത്തിന് സഹായകമാകും എന്ന് കരുതി അവര്‍ എടുത്ത ഒരു നടപടിയാണ് കൂടുതല്‍ പേര്‍ക്ക് വിദ്യാഭാസ്യം നല്‍കുക എന്നത്. അങ്ങനെ പള്ളിയില്‍ നിന്നാണ് പള്ളിക്കൂടം ഉണ്ടാകുന്നത്. അല്ലാതെ ഇവിടുത്തെ സര്‍ക്കാരിന്‍റെയോ, ദേശീയ പ്രസ്ഥാനത്തിന്‍റെയോ പ്രവര്‍ത്തി ഫലമായിട്ടല്ല അതുണ്ടായത്‌.’

എഴുത്തും വായനയും പഠിച്ച മലയാളി എന്നാല്‍ അര്‍ദ്ധസാക്ഷരന്‍ മാത്രമാണെന്നും എം ജി എസ്.

‘എഴുതാനും വായിക്കാനും അറിയാം. അത് കൊണ്ട് പത്രങ്ങളില്‍ വരുന്നത് അത് പോലെ വിഴുങ്ങും. പത്രങ്ങളാണെങ്കില്‍ വളരെ മത്സരബുദ്ധിയോടു കൂടിയും, ഉദ്വേഗവും അതിശയോക്തിയും കലര്‍ത്തിയുമാണ് വാര്‍ത്തകള്‍ എത്തിക്കുക. അത് പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല. അത് കൊണ്ട് സാക്ഷരതുടെ പൂര്‍ണ്ണഗുണഭോക്താക്കളാണ് നമ്മള്‍ എന്ന് തീര്‍ത്തു പറയാന്‍ സാധിക്കില്ല’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook