‘സൂപ്പര്‍ സ്റ്റാര്‍ എന്നത് മലയാള സിനിമയില്‍ മാത്രമല്ല, എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഏതു മേഖലയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഒന്നോ രണ്ടോ പേര്‍ ഉണ്ടാകും. അവരാണ് അതാത് കാലത്തെ സൂപ്പര്‍ സ്റ്റാറുകള്‍. എന്നാല്‍ സിനിമ നിലനിര്‍ത്തുന്നത് അവര്‍ മാത്രമല്ല സൂപ്പര്‍ അല്ലാത്ത ചില സ്റ്റാറുകളും ചേര്‍ന്നാണ്’, ഇങ്ങനെ ഓർമിപ്പിച്ചത് മലയാളത്തിന്‍റെ ഒരു കാലത്തെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന മധു.

ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. ഫാന്‍ ക്ലബ്ബുകള്‍ സിനിമയെ ഒരളവ് വരെ മാത്രമേ സഹായിക്കുന്നുള്ളൂ എന്നും സിനിമ നല്ലതല്ലെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ പപ്പടം പൊട്ടുന്നത് പോലെ പൊട്ടാറുണ്ട്. വെറുതെ വന്നു കൈയ്യടിക്കാന്‍ ആളുണ്ടായിട്ടു പോലും അത് സംഭവിക്കുന്നു. എന്തു കൊണ്ടായിരിക്കും. അപ്പോള്‍ അതില്‍ നിന്നും മനസ്സിലാക്കേണ്ട കാര്യം, ചിത്രം നല്ലതല്ലെങ്കില്‍ ജനങ്ങള്‍ സ്വീകരിക്കില്ല. സിനിമ നന്നാക്കുക എന്നതല്ലാതെ അതിനു വേറെ മാര്‍ഗവുമില്ല’, മധു അഭിപ്രായപ്പെട്ടു.

ഒരിടയ്ക്ക് സാറ്റലൈറ്റ് ചാനലുകള്‍ വലിയ വില കൊടുത്തു സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ വാങ്ങിയത് മലയാള സിനിമയുടെ ഉള്ളടക്കത്തെയും ഭാവുകത്വത്തെയും കാര്യമായി ബാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആര് അഭിനയിക്കുന്നു എന്നത് മാത്രം നോക്കിയാണ് അവര്‍ സിനിമയുടെ വില നിശ്ചയിക്കുന്നത്. അതുകൊണ്ട് ഉള്ളടക്കത്തിന്‍റെ കാര്യത്തിലുള്ള ശ്രദ്ധ കുറയും. അത് സിനിമയ്ക്ക് നല്ലതല്ല.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ