“ഒരേ സമയം ‘Progressive’എന്നും ‘Conservative’എന്നും വിളിക്കാവുന്നതാണ് കേരളത്തിന്റെ ‘Modernity’. ജനൂസ് എന്ന ഗ്രീക്ക് ദേവനെപ്പോലെയാണ് മലയാളികള്‍. ജനൂസിന്റെ ഒരു കണ്ണ് പിന്നിലേക്കും ഒരു കണ്ണ് മുന്നിലേക്കുമാണ്. മലയാളിയും ഒരു വലിയ അളവ് വരെ അങ്ങനെത്തന്നെയാണ്”, എന്ന് ചലച്ചിത്രകാരന് വിപിന്‍ വിജയ്. ആറു ദശാബ്ദം പിന്നിടുന്ന കേരളത്തിന്റെ സിനിമാ നരേറ്റിവുകളെക്കുറിച്ച് ഐ ഇ മലയാളത്തോട് സംസാരിക്കുകയായിരുന്നു സിനിമാ അധ്യാപകനും കൂടിയായ വിപിന്‍.
“തമാശയ്ക്ക് നമ്മള് പറയാറില്ലേ, മലേറിയ വന്നാല്‍ മരുന്നു വാങ്ങാന്‍ കാശില്ല, പക്ഷെ വലിയ വിദഗ്ദരുടെ വാക്കുകള്‍ ക്വാട്ട് ചെയ്തു കൊണ്ടേ സംസാരിക്കൂ. ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ ഒരു അവസ്ഥയെയാണ് നമ്മള് നമ്മുടെ സിനിമാറ്റിക് ഗേസിലൂടെയും അന്വേഷണങ്ങളിലൂടെയും അഡ്രെസ്സ് ചെയ്യാന്‍ ശ്രമിച്ചത്”, വിപിന്‍ വിവരിക്കുന്നു. “എന്നെ സംബന്ധിച്ച് എന്റെ ‘സിനിമാട്ടോഗ്രാഫിക്ക് റിഗര്‍’ എന്ന് പറയുന്നത് ഞാന്‍ ജീവിക്കുന്ന കാലത്തെ ട്രഡിഷനും എന്റെ സെല്‍ഫും തമ്മിലുള്ള ഒരു ‘ഇന്ററാക്ഷന്’ ആണ്”.
“ഇന്ത്യയില്‍ റെയില്‍വേ, റേഡിയോ തുടങ്ങിയ വന്ന പോലെ ഒരു കോളോണിയല്‍ സംസ്കാരത്തിന്റെ ഭാഗമായി തന്നെയാണ് സിനിമയും വന്നത്. എന്നാല്‍ ദാദാ സാഹെബ് ഫാല്‍ക്കെ, ഫതേ ലാല്‍ മിസ്ത്രി എന്നിവരെ പോലെയുള്ളവര്‍ ആ സിനിമാറ്റിക്ക് മാധ്യമത്തെ ഒരു ഇന്ദിജനസ് രീതിയില്‍ ഉപയോഗിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമാ അല്ലെങ്കില്‍ മലയാളി സിനിമാ സംസ്കാരം എന്നൊന്ന് ഉണ്ടായിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിക്കേണ്ടി വരും”, വിപിന്‍ കൂട്ടിച്ചേര്‍ത്തു.
“സാങ്കേതിക വിദ്യയെ ഡീകോഡ് അല്ലെങ്കില്‍ ഡീ മിസ്റ്റിഫൈ ചെയ്തു കൊണ്ട് മനുഷ്യരാശിയെ പരിഷ്കരിക്കുക എന്നതാണു ഒരു ചലച്ചിത്രകാരന്റെ ദൗത്യം എന്നും വിപിന്‍ അഭിപ്രായപ്പെട്ടു. “നമുക്ക് ചുറ്റും നടക്കുന്നതെന്തും വെറുതെ ഷൂട്ട് ചെയ്യുക എന്നതല്ല ഈ മാധ്യമം ഉദ്ദേശിക്കുന്നത്. ദേശകാലങ്ങളെ, അല്ലെങ്കില്‍ അതില്‍ ഒരു ഏരിയയെ സിനിമ എന്ന മാധ്യമത്തിലൂടെ ചെതുക്കി എടുക്കുക എന്നതാണ് ഒരു ചലച്ചിത്രകാരന് ചെയ്യേണ്ടത്.”, വിപിന്‍ വ്യക്തമാക്കി.