കര്‍ണാടക സംഗീതം – പാടുന്നവരുടെ എണ്ണം വച്ച് നോക്കിയാലും, കേള്‍ക്കുന്നവരുടെ ‘ലിറ്ററസി’ പരിഗണിച്ചാലും – കേരളത്തില്‍ തഴച്ചു വളര്‍ന്നു എന്ന് തന്നെ പറയാം എന്ന് സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ മേനോന്‍. ആറു പതിറ്റാണ്ട് പിന്നിടുന്ന കേരളത്തിന്‍റെ സംഗീത മേഖലയുടെ വളര്‍ച്ചയെക്കുറിച്ച് ഐ ഇ മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാ ജില്ലകളിലും, എല്ലാ കോണുകളിലും കര്‍ണാടക സംഗീത ക്ലാസുകള്‍ നടക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കില്‍ അത് കേരളമായിരിക്കും. ശെമ്മാങ്കുടി സ്വാമി മുതല്‍ ഇങ്ങോട്ടുള്ളവര്‍ പകര്‍ന്നു കൊടുത്ത സംഗീത പഠനത്തിലൂടെ കടന്നു പോയ ധാരാളം വിദ്യാര്‍ഥികളുണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം. അവരാണ് കേരളത്തിലെ കര്‍ണാടക സംഗീതത്തിന്‍റെ പതാകവാഹകര്‍”, അദ്ദേഹം വിശദീകരിച്ചു.
കേരളത്തിന്‍റെ സിനിമാ സംഗീത ശാഖയും വലിയ വളര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത് എന്നും ശ്രീവത്സന്‍ അഭിപ്രായപ്പെട്ടു.
“യേശുദാസിന്‍റെ ശബ്ദത്തില്‍ സിനിമാ പാട്ട് പാടാന്‍ കഴിയുന്നു എന്നത് ഒരു കാലത്ത് പ്രീമിയം ആയിരുന്നു. ഇന്നു അതില്‍ നിന്ന് വളരെ മാറി, യേശുദാസില്‍ നിന്നെത്ര വ്യതസ്തമായി പാടാന്‍ കഴിയും എന്നാണു നമ്മള്‍ അന്വേഷിക്കുന്നത്. പല തരത്തിലുള്ള ശബ്ദങ്ങളെ സ്വീകരിക്കാന്‍ ഇന്ന് നമ്മള്‍ സജ്ജരാണ്. അതൊരു നല്ല കാര്യമാണ്’, ശ്രീവത്സന്‍ പറഞ്ഞു.
പുതിയ ശബ്ദങ്ങളെ വരവേല്‍ക്കുമ്പോഴും സംഗീതത്തില്‍ അവര്‍ക്കുള്ള പ്രാവീണ്യം, ആപ്റ്റിറ്റ്യൂഡ് എന്നിവ കൂടി കണക്കില്‍ എടുക്കപ്പെടണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഇരുപതു വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ എന്ന് സിനിമയില്‍ പാടണം എന്നാഗ്രഹിച്ചാല്‍ അവിടെയ്ക്ക് എത്താന്‍ വലിയ ബുദ്ധിമുട്ടില്ല. പാട്ടില്‍ തന്നെ പ്രാവീണ്യം വേണമെന്നില്ല, ശബ്ദം കൊണ്ട് എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ടായാല്‍ മതി. ആ ‘എന്തെങ്കിലും’ വളരെ പ്രധാനപ്പെട്ടതാണ്. സിനിമയ്ക്ക് അത് മതിയാകും. പക്ഷെ സിനിമയിലൂടെ തന്‍റെ കല വളരണം എന്നാഗ്രഹിക്കുന്ന ഒരു സംഗീതജ്ഞന് ഈ അന്തരീക്ഷം എത്രത്തോളം സഹായകമാകും എന്നറിയില്ല.”