ശ്രീനഗർ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കശ്മീരിൽ നിന്ന് ആദ്യമായി ഒന്നാം റാങ്ക് നേടിയ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാജിവെച്ചു. കശ്മീരിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിനും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും വിശ്വസനീയമായ തരത്തിലുള്ള ഇടപെടൽ ഇല്ലാത്തതിലും പ്രതിഷേധിച്ച് രാജിവെക്കുകയാണെന്നാണ് ഷാ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. അന്ന് മുതല്‍ കശ്മീര്‍ യുവതയ്ക്ക് മാതൃക എന്ന നിലയില്‍ അദ്ദേഹം ഒരു പോസ്റ്റര്‍ ബോയ് ആയി ആഘോഷിക്കപ്പെട്ടു.
‘ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ മുസ്ലിംകളെ രണ്ടാംകിട പൗരൻമാരായാണ് പരിഗണിക്കുന്നത്. കശ്മീരിലെ ജനങ്ങളെ വേർതിരിച്ച് കാണുകയാണെന്നും അസഹിഷ്ണുതയും വിദ്വേഷവും പടർത്തുന്ന തരം അമിത ദേശീയതയാണ് നിലനിൽക്കുന്നതെന്നും ഷാ ഫൈസൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വെള്ളിയാഴ്ച നടത്തുന്ന വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്ന് ഷാ മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു.
ജമ്മുകശ്മീരിൽ ജില്ലാ കളക്ടറുടെയും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും ചുമതല വഹിച്ച ഷാ ഫൈസൽ പിന്നീട് അവധിയെടുത്ത് ഹാർവാഡ് സർവ്വകലാശാലയിൽ ഉപരിപഠനത്തിന് പോയി. അടുത്തിടെ തിരിച്ചെത്തിയ ഫൈസൽ ഐഎഎസിൽ നിന്ന് രാജി നല്‍കി. 2010ലെ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ഫൈസല്‍ ഒന്നാം റാങ്ക് നേടിയത്. സിവില്‍ സർവീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീരിയാണ് ഷാ. ജമ്മു ആൻറ് കശ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം.
ജില്ലാ മജിസ്‌ട്രേറ്റ്, ഡയറക്ടര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പവര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി എന്നീ സ്ഥാനങ്ങള്‍ ഷാ ഫൈസല്‍ വഹിച്ചിരുന്നു. സിവില്‍ സര്‍വീസില്‍ പ്രവേശിച്ച അന്നു മുതല്‍ ഷാ വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഗുജറാത്തിലെ പീഡന വാര്‍ത്ത റേപ്പിസ്ഥാനെന്ന തലക്കെട്ടില്‍ ട്വീറ്റ് ചെയ്ത് വിവാദമാവുകയും തുടര്‍ന്ന് ഷാ ഫൈസലിനോട് പൊതുഭരണ വിഭാഗം വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.